കായംകുളം: മാതാവിനെ ആക്രമിക്കുകയും പിതാവിനെ മകൻ അതിക്രൂരമായികൊലപ്പെടുത്തുകയും ചെയ്തതിന്റെ ഞെട്ടലിലാണ് കായംകുളം പുല്ലുകുളങ്ങര ഗ്രാമം. കണ്ടല്ലൂർ പീടികച്ചിറ നടരാജ(63)നെയും ഭാര്യ സിന്ധുവി(48)നെയും ആക്രമിച്ച അഭിഭാഷകൻ കൂടിയായ മകൻ നവജിത്തിനെ കനകക്കുന്ന് പോലീസ് കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കേയാണ് മാതാപിതാക്കളെ നവജിത്ത് ആക്രമിച്ചത്. രാവിലെ മുതൽ വീട്ടിലിരുന്ന് മദ്യപാനമായിരുന്നു ഇയാൾ. ഇടയ്ക്ക് ലഹരിമരുന്നുകളും ഉപയോഗിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളെ ആക്രമിച്ചത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു നടരാജന്റേത്.
വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നടരാജനായിരുന്നു. ഏറെ കടമുറികളും ബിസിനസുമെല്ലാമുള്ള കുടുംബത്തിന്റെ കടിഞ്ഞാൺ കിട്ടാത്തതിന്റെ പേരിൽ നവജിത്ത് പലതവണ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കരച്ചിലും ബഹളവും കേട്ടാണ് രാത്രി നാട്ടുകാർ ഓടിക്കൂടിയത്. തുറന്നിട്ട ജനലിലൂടെ വീടിനകത്തെ കാര്യങ്ങളെല്ലാം അറിയാൻ സാധിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അക്രമം നടന്നെന്ന് ബോധ്യപ്പെട്ടതോടെ പോലീസിനെ വിളിച്ചു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് നാട്ടുകാരും പോലീസും അകത്തുകയറിയത്. ചോരയിൽ കുളിച്ചുകിടക്കുകയായിരുന്ന മാതാപിതാക്കൾക്കടുത്ത് വെട്ടുകത്തിയുമായി ഇരിക്കുകയായിരുന്ന നവജിത്തിനെയാണ് പോലീസ് കാണുന്നത്. പോലീസ് അകത്തുകയറിയ ശേഷം ഇയാൾ പതിയെ എഴുന്നേറ്റ് മുകൾ നിലയിലേക്കു പോയി. ഏറെ നേരത്തെ മൽപ്പിടിത്തത്തിനു ശേഷമാണ് നവജിത്തിനെ പോലീസ് കീഴടക്കി കസ്റ്റഡിയിലെടുത്തത്.
അതിക്രൂരമായ രീതിയിലാണ് മാതാപിതാക്കളെ നവജിത്ത് ആക്രമിച്ചത്. നാട്ടുകാർ കാണുമ്പോൾ നടരാജന്റെ ശരീരത്തിലാകെ മുറിവുകളായിരുന്നു. കണ്ണിലടക്കം വെട്ടിയതിനെത്തുടർന്ന് ചോര നിറഞ്ഞ അവസ്ഥയിലായിരുന്നു. കൈപ്പത്തി വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നു. അമ്മയുടെ വിരലുകളെല്ലാം അറുത്തുമുറിച്ച നിലയിലായിരുന്നു.
പോലീസ് എത്തുന്ന സമയത്ത് രണ്ടു പേർക്കും ജീവനുണ്ടായിരുന്നു.ആശുപത്രിയിൽ വച്ച് നടരാജൻ മരിച്ചു. അമ്മ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മാവേലിക്കര കോടതിയിലാണ് നവജിത്ത് പ്രാക്ടീസ് ചെയ്യുന്നത്. ആയുർവേദ ഡോക്ടർമാരായ രണ്ടു സഹോദരങ്ങൾ കൂടി നവജിത്തിനുണ്ട്.

