ചേന്ദമംഗലം, കുത്താമ്പുള്ളി, ബാലരാമപുരം നെയ്ത്ത് ഗ്രാമങ്ങളില്‍നിന്ന് പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച സാരിയും മുണ്ടും എത്തിത്തുടങ്ങി. സിപിഎം, സിപിഐ, ബിജെപി, കോണ്‍ഗ്രസ് തുടങ്ങി വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ മുണ്ടിന്റെ കരയില്‍ നീളത്തില്‍ പതിച്ചിരിക്കുന്നു. വനിതാ പ്രവര്‍ത്തകരെയും സ്ഥാനാര്‍ഥികളെയും ഉന്നമിട്ട് പാര്‍ട്ടി ചിഹ്നമുള്ള സാരികൾ മിക്ക വസ്ത്രക്കടകളിലുമുണ്ട്. ഇതു കൂടാതെ നെയ്ത്ത് ഗ്രാമങ്ങളില്‍നിന്നുള്ള വ്യാപാരികള്‍ വില്‍പ്പന ഉന്നമിട്ട് നേതാക്കളെ നേരില്‍ സമീപിക്കുന്നു.
200 രൂപ മുതലുള്ള മുണ്ടും 300 രൂപ മുതല്‍ സാരിയും വില്‍പ്പനയ്ക്കുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും മാറ്റ് കൂട്ടാനാണ് യൂണിഫോം സാരികളും മുണ്ടുകളും എത്തിക്കുന്നത്. കൂടാതെ പാര്‍ട്ടി ചിഹ്നം പതിച്ച തൊപ്പികള്‍ക്കും ഡിമാന്‍ഡുണ്ട്.
ഫ്ലക്സിലാണ് കാര്യം
കോട്ടയം: മൈക്ക്, ലൈറ്റ്, പന്തല്‍, ജീപ്പ് വാടകക്കാര്‍ക്ക് നല്ലകാലം. പ്രചാരണം രണ്ടാംഘട്ടം മുതല്‍ സമ്മേളനങ്ങള്‍ ഉഷാറാകും. അതോടെ പന്തലും സ്റ്റേജും നിര്‍മാതാക്കള്‍ക്ക് കാശുകാലമാണ്. ഇന്നലെ മുതല്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു തുടങ്ങി.
ഫ്ലക്സ് ബോര്‍ഡ് സ്ഥാപനങ്ങള്‍ക്കാണ് ഏറ്റവും നല്ലകാലം. രാവും പകലും ഫ്ലക്സ് കടകള്‍ ഇനി പ്രവര്‍ത്തിക്കും.ഫ്ലക്സ് തയാറാക്കാനുള്ള സാമഗ്രികള്‍ ഡല്‍ഹി, മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഏജന്‍സികള്‍ മുഖേന കടക്കാര് എത്തിച്ചുകഴിഞ്ഞു. ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍പോലും കുറഞ്ഞത് 25 ഫ്ലക്സുകള്‍ സ്ഥാനാര്‍ഥികള്‍ സ്ഥാപിക്കും.
ബ്ലോക്ക് ഡിവഷനില്‍ 150 ബോര്‍ഡുകള്‍. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 500 ബോര്‍ഡുകള്‍. ഓഫ്സെറ്റ് പ്രസുകളില്‍ പോസ്റ്റര്‍ പ്രിന്റിംഗിനും തിരക്കിന്റെ ദിവസങ്ങളാണ്. പോസ്റ്ററിലേക്ക് ഏറ്റവും സ്മാര്‍ട്ട് ഫോട്ടോയെടുക്കാന്‍ സ്ഥാനാര്‍ഥികള്‍ മുന്തിയ സ്റ്റുഡിയോകളിലേക്ക് ഓട്ടമായി.

