കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍, വ്യാപാര ആവശ്യത്തിന് ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകളുമായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ വാഹന പരിശോധനയിലൂടെയും മറ്റും ഇലക്ഷന് ഉദ്യോഗസ്ഥരും, പോലീസും പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ലോജിസ്റ്റിക് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും രാവിലെ മുതല്‍ വൈകുന്നേരം വരെ കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്യുമ്പോള്‍ ഡെലിവറി നല്‍കേണ്ട പല കണ്സൈന്മെന്റുകളും ഒന്നിലധികം ദിവസം താമസിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പലപ്പോഴും രേഖകളുമായി കൊണ്ടുപോകുന്ന സ്വര്‍ണം പിടിച്ചെടുക്കുകയും അത് ഇലക്ഷന് കഴിഞ്ഞു മാത്രമേ വിട്ടുകൊടുക്കുകയുള്ളൂ എന്ന സമീപനവും ഈ മേഖലയ്ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകള്‍ കൂടാതെ മറ്റ് എന്തെങ്കിലും രേഖകള്‍ കരുതണമെന്ന് ഇലക്ഷന് കമ്മീഷന് നിര്‍ദ്ദേശിച്ചാല്‍ അതിനും വ്യാപാരികള്‍ തയ്യാറാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ രേഖകളുമായി കൊണ്ടു പോകുന്ന സ്വര്‍ണാഭരണം പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

