ചേര്‍ത്തല: പൊതുസ്ഥലത്തു മദ്യപിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതികള്‍ പോലീസിനെ ആക്രമിച്ചു. സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്കു പരിക്കേറ്റു. ചേര്‍ത്തല പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ രാജേന്ദ്രന് (53), എസ്സിപിഒമാരായ ശ്രീകുമാര്‍ (40), ഷൈന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശ്രീകുമാര്‍ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിമാറ്റുകയും എസ്ഐ രാജേന്ദ്രനെ ഉള്‍പ്പെടെ മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുസ്ഥലത്തു മദ്യപാനം നടത്തിയത് പോലീസ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പട്ടണക്കാട് പോലീസിന്റെ പട്രോളിംഗിനിടയില്‍ അന്ധകാരനഴി ബീച്ചില്‍ പൊതുസ്ഥലത്തു മദ്യപിക്കുകയായിരുന്ന പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡ് കൊച്ചുപറമ്പ് സെബാസ്റ്റ്യന്‍ ജോസഫ് (58), പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡ് ചെറിയശേരില് സെബാസ്റ്റ്യന്‍ (41), പട്ടണക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡ് പുന്നക്കര സോജന് (45), പട്ടണക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊച്ചുപറമ്പില്‍ ബിജു (40) എന്നിവരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലാണ് പോലീസും നാലംഗ സംഘവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
ഇവര്‍ക്കെതിരെ പൊതുസ്ഥലത്തു മദ്യപിച്ച സംഭവത്തിലും പോലീസിനെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിലുമായി രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.