കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളുമായി പത്രവാർത്തകൾ വരുമ്പോൾ; അത് പട്ടയ ദാനമാണെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണമാണെങ്കിലും കസ്തൂരിരംഗൻ റിപ്പോർട്ടാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പലരുടെയും, പ്രത്യേകിച്ച് പഴമക്കാരുടെ മനസിൽ ഓർമ വരുന്ന ഒരു പേരുണ്ട് 1957 മുതൽ 1967 വരെ കോട്ടയം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച യശഃശരീരനായ എംപി മാത്യു മണിയങ്ങാടൻ എന്ന എം.സി. മാത്യു. ഇന്ന് അദ്ദേഹം അന്തരിച്ചിട്ട് 50 വർഷം പൂർത്തീയാകുകയാണ്.
1950കളിൽ ഇടുക്കിയിലടക്കമുണ്ടായ കുടിയിറക്ക് ജനങ്ങളെ വൻ പ്രക്ഷോഭത്തിലേക്കു നയിക്കാനിടയാക്കി. വർഷങ്ങളോളം അധ്വാനിച്ച സ്ഥലത്തുനിന്നു പെട്ടെന്ന് ഇറക്കിവിടുന്നത് സാമൂഹ്യനീതിക്കു നിരക്കുന്നതല്ല എന്ന അഭിപ്രായം പരക്കേ വന്നു. ഇത് കേരള സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർലമെന്റിൽ സജീവ ചർച്ചയും വന്നു. തുടർന്ന് കുടിയേറ്റ കർഷകരുടെ പരാതിയെക്കുറിച്ചു പഠിക്കാനും വേണ്ട ശിപാർശകൾ സമർപ്പിക്കാനുമായി അന്നത്തെ കോട്ടയം എംപി മാത്യു മണിയങ്ങാടൻ ചെയർമാനായ “മണിയങ്ങാടൻ കമ്മീഷനെ’ കേന്ദ്രം നിയോഗിച്ചു. പ്രഫ. കെ.എം. ചാണ്ടി ഒഴിച്ചുള്ള മറ്റ് അംഗങ്ങളെല്ലാം വടക്കേ ഇന്ത്യയിൽനിന്നുമുള്ളവരായിരുന്നു.
ഇത് കുടിയേറ്റ കർഷകർക്കു നീതി ലഭിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ കരുതിക്കൂട്ടി ചെയ്തതാണെന്ന ആക്ഷേപം വരെയുണ്ടായി. എന്നാൽ, കർഷക കുടുംബത്തിൽ ജനിച്ച മണിയങ്ങാടന്റെ സാന്നിധ്യം കേരള ജനതയ്ക്ക് ആശ്വാസം പകർന്നു. കമ്മീഷനെ നിയമിച്ചതോടെ കുടിയൊഴിപ്പിക്കൽ നീക്കങ്ങൾ താത്കാലികമായി കേരള സർക്കാർ നിർത്തിവച്ചു. തുടർന്ന് കമ്മീഷൻ സമർപ്പിച്ച ശിപാർശകൾ ഭൂരിഭാഗവും സർക്കാർ അംഗീകരിക്കുകയും 1968ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയുമുണ്ടായി. ഇപ്പോഴും പല പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും കർഷകസംഘടനകളും നിയമവിദഗ്ധരും ഈ റിപ്പോർട്ടിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. കൂടാതെ, ഈ വിഷയത്തിൽ നിരവധി കോടതി വിധിന്യായങ്ങൾക്ക് മണിയങ്ങാടൻ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനവുമായിട്ടുണ്ട്.
കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ പലപ്പോഴായി നിരവധി കർഷകർക്കു പട്ടയം നൽകി. എന്നാൽ, മേൽ ഉദ്ധരിച്ച സർക്കാർ ഉത്തരവിലെ പലകാര്യങ്ങളും പൂർണമായി നടപ്പാക്കാത്തതിനാൽ മണിയങ്ങാടൻ കമ്മീഷന്റെ ശിപാർശകൾ പ്രകാരം കുടിയേറ്റ കർഷകർക്കു ലഭിക്കേണ്ട മുഴുവൻ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ, ഭൂവുടമസ്ഥാവകാശം (പട്ടയം പ്രശ്നം) ഇപ്പോഴും പൂർണമായി പരിഹരിക്കപ്പെടാതെ തുടരുന്നുമുണ്ട്.
പാലായ്ക്കു സമീപം കൊഴുവനാലിൽ മണിയങ്ങാട്ട് ചാണ്ടിയുടെയും മേരിയുടെയും മകനായി 1912 ഫെബ്രുവരി 12നാണ് മാത്യു ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിരുദവും തിരുവനന്തപുരം ലോ കോളജിൽനിന്നു നിയമ പഠനവും പൂർത്തീകരിച്ചു. തുടർന്ന് കോട്ടയത്ത് അഭിഭാഷകനായി. സമകാലീനരായിരുന്ന പി.ടി. ചാക്കോയും മണിയങ്ങാടനും വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു.
രാഷ്ട്രീയവും പൊതു പ്രവർത്തനവും
മണിയങ്ങാടൻ ആദ്യമായി തിരുവിതാംകൂർ-കൊച്ചി നിയമസഭയിൽ എത്തുന്നത് 1952ൽ എ.ജെ. ജോൺ മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. മീനച്ചിൽ നിയോജകമണ്ഡലത്തെയാണു പ്രതിനിധീകരിച്ചത്. പിന്നീട് 1954ൽ, വിജയപുരം മണ്ഡലത്തിലെ സ്ഥാനാർഥിത്വം ദളിത് ക്രൈസ്തവ പ്രാതിനിധ്യത്തിനായി വിട്ടുകൊടുക്കുകയായിരുന്നു.
പാർട്ടി ആവശ്യപ്പെടാതെതന്നെ പി.എം. മാർക്കോസിനു വേണ്ടി നടത്തിയ ഈ സ്ഥാനത്യാഗം വലിയ വാർത്തയായി. കോൺഗ്രസ് പാർട്ടി പോലും അറിയാതെ അദ്ദേഹം കാണിച്ച ഈ മഹാമനസ്കത പലരെയും അത്ഭുതപ്പെടുത്തി. വിജയം സുനിശ്ചിതമായിരുന്ന അവസരം പാഴാക്കിയതിനു പല സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും അദ്ദേഹത്തോടു പിണങ്ങുകയുണ്ടായി. എന്നാൽ, അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
ഈ സംഭവം വർഷങ്ങൾക്കു ശേഷം മണിയങ്ങാടന്റെ മകൻ ഡോ. അലക്സാണ്ടർ മാത്യു ഇപ്രകാരം അനുസ്മരിച്ചു. “അപ്പച്ചൻ പല നല്ലകാര്യങ്ങളും പൊതു നന്മക്കായി ചെയ്തിട്ടുണ്ട്. എന്നാൽ എന്റെ കാഴ്ചപ്പാടിൽ, ഒരു എംഎൽഎ, എംപി, റബർ ബോർഡ് അംഗം, മണിയങ്ങാടൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം ചെയ്ത മറ്റെന്തിനേക്കാളും ഞാൻ അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നത് ഒരു ദളിത് ക്രൈസ്തവനു വേണ്ടി തനിക്കു കിട്ടിയ അവസരം പാർട്ടിപോലും അറിയാതെ ത്യജിച്ചതാണ്”.
ലോക്സഭയിലേക്ക്
1957ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി കോട്ടയത്ത് ഐകകണ്ഠ്യേനയാണ് മണിയങ്ങാടനെ സ്ഥാനാർഥിയാക്കിയത്. വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിച്ചു. 1962ലും വിജയം ആവർത്തിച്ചു. എന്നാൽ, 1967ൽ കേരള കോൺഗ്രസ് രൂപംകൊണ്ടതിനുശേഷം നടന്ന തെരഞ്ഞെടുപ്പിലെ ത്രികോണ മത്സരത്തിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി കെ.എം. ഏബ്രഹാമിനോടു തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ മണിയങ്ങാടൻ എസ്. നിജലിംഗപ്പയുടെ കീഴിലുള്ള സംഘടനാ കോൺഗ്രസിൽ ചേർന്നു. 1971ൽ ഒരിക്കൽക്കൂടി ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല.
റബർ കർഷകരുടെ സുഹൃത്തും വക്താവും
എംപിയായിരുന്നിടത്തോളം കാലം റബർ ബോർഡിൽ അംഗമായിരുന്ന അദ്ദേഹം ചെറുകിട റബർ കർഷകരുടെ താത്പര്യങ്ങളെ എല്ലായിപ്പോഴും സംരക്ഷിച്ചിരുന്നു. ബോർഡിൽ വളരെ സ്വാധീനമുള്ള അംഗമായിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന സംഭാവന റബർ കർഷകർക്കു റീപ്ലാന്റേഷൻ സബ്സിഡി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു.
മാത്യു മണിയങ്ങാടൻ, കെ.എം. ചാണ്ടി (പാലാ), ടി.വി. ജോസഫ് തുമ്പശേരി എന്നിവരാണ് കേരളത്തിലെ ആദ്യത്തെ റബർ കർഷക സംഘടനയായ ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷൻ ആരംഭിക്കുന്നതിനു മുൻകൈയെടുത്തത്.
1969ലെ പിളർപ്പിനുശേഷം ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി തുടർന്ന അവസരത്തിൽ, റബർ ബോർഡിന്റെ ചെയർമാൻ സ്ഥാനം മണിയങ്ങാടനു വാഗ്ദാനം ചെയ്യപ്പെട്ടു. ഈ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ അംഗീകരിക്കാനും പാർട്ടിയിലേക്കു കൊണ്ടുവരാനും വേണ്ടിയായിരുന്നു അത്. എന്നാൽ, പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുടെ കാരണത്താലും കോൺഗ്രസ് പാർട്ടിയിലെ ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധം മൂലവും അദ്ദേഹമത് നിരസിക്കുകയാണുണ്ടായത്.
ലളിത ജീവിതത്തിന്റെ ഉടമയായിരുന്നു മണിയങ്ങാടൻ. സ്വന്തമായി വാഹനമോ വീടോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. കോട്ടയത്ത് വാടകവീട്ടിലായിരുന്നു താമസം. യാത്ര കൂടുതലും ബസിലും ട്രെയിനിലും. തമ്പലക്കാട്ടെ കതയനാട്ട് തെരേസാ മാത്യു (ചാച്ചിക്കുട്ടി) വിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. മേഴ്സി, അമ്മിണി, ഡോ. അലക്സാണ്ടർ, സിസ്റ്റർ ആനിയമ്മ, ഡോ. റോസമ്മ, ജോജി എന്നിവരാണ് മക്കൾ.
ഡോ. ജോർജ് വർഗീസ് കുന്തറ

