കൊച്ചി: തന്റെ ഭര്‍ത്താവ് റഫീക് തോട്ടത്തിലിനെ കാണാതായ സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയായ കെ.ബി. സുഹറാബി ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.
ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് റഫീക് തോട്ടത്തില്‍ (58) വര്‍ഷങ്ങളായി ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ മുന്നില്‍ വര്‍ഷങ്ങളായി ചായക്കട നടത്തി വരികയായിരുന്നു. കഴിഞ്ഞ ജൂണ്‍ 11ന് രാവിലെ ചായക്കടയില്‍ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്.
പിന്നീട് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കടയ്ക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഹര്‍ജിയില്‍ പറയുന്നു. ചേരാനല്ലൂര്‍ പോ ലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് എറണാകുളം റൂറല്‍ എസ്പി.ക്ക് വിശദമായ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. കേസില്‍ പോലീസ് മേധാവിയുടെ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.

