ചമ്പക്കുളം: കര്ഷകന് നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി. ഇതോടെ രണ്ട് ഏക്കര്‍ നിലത്തിലെ നെല്ല് സംഭരിക്കാതെ റോഡിലായി.
നെടുമുടി കൃഷിഭവനു കീഴിലെ മുട്ടനാവേലി പാടശേഖരത്തിലെ കര്‍ഷകനായ കാളപ്പറമ്പ് ഓമനക്കുട്ടനാണ് വാരുകൂലി തർക്കത്തിന്റെ ബലിയാട്.സിഐടിയു അംഗമായ മുൻ ചുമട്ടുതൊഴിലാളിയാണ് ഇദ്ദേഹം.
മുട്ടനാവേലി പാടശേഖരത്തില്‍ സ്വന്തമായുള്ള ഒരു ഏക്കറും പാട്ടകൃഷി ചെയ്യുന്ന നാല് ഏക്കറും ഉള്‍പ്പെടെ അഞ്ച് ഏക്കറിലാണ് ഓമനക്കുട്ടൻ കൃഷി ചെയ്തത്. ഇതിൽ മൂന്ന് ഏക്കറിലെ നെല്ല് കഴിഞ്ഞ ദിവസം സംഭരിച്ചിരുന്നു. അന്ന് നെല്ല് വാരി നിറയ്ക്കുന്നതിന് ക്വിന്റല്‍ ഒന്നിന് 45 രൂപ പ്രകാരം വാരുകൂലി, തൊഴിലാളികളായ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു.
ഇന്നലെ സ്വന്തമായുള്ള ഒരേക്കറിലെ നെല്ല് ഓമനക്കുട്ടനും ഭാര്യ ദീപയും ചേര്‍ന്ന് വാരി ചാക്കില്‍ നിറച്ചതിനെത്തുടര്‍ന്നാണ് നെല്ല് ചാക്കില്‍ നിറയ്ക്കുന്നത് തങ്ങളുടെ അവകാശമാണെന്നും, തങ്ങള്‍ നിറയ്ക്കാത്ത നെല്ല് ചുമന്നുകയറ്റരുതെന്ന് യൂണിയന്കാര് പറഞ്ഞിട്ടുണ്ടെന്നും സ്ത്രീ തൊഴിലാളികൾ അറിയിച്ചത്.
പ്രശ്നം പരിഹരിക്കണമെന്ന് ചുമട്ടുതൊഴിലാളി കണ്‍വീനര്‍മാരോട് ആവശ്യപ്പെട്ടപ്പോള്‍ 45 രൂപ പ്രകാരം വാരുകൂലി നല്‍കിയാലേ നെല്ല് ചുമന്ന് വാഹനത്തില്‍ കയറ്റൂ എന്നായിരുന്നു വാശി.
നെടുമുടി പോലീസും ലേബര്‍ ഓഫീസറും മറ്റ് കര്‍ഷക സംഘടനകളും പൊതുജനങ്ങളും സംഘടിച്ച് ആവശ്യപ്പെട്ടിട്ടും ചുമട്ടുതൊഴിലാളികള്‍ നെല്ല് വാഹനത്തില്‍ കയറ്റാന്‍ തയാറായില്ല.
ഇന്നുരാവിലെതന്നെ വേണ്ട നടപടിയുണ്ടാകും എന്ന ലേബര്‍ ഓഫീസറുടെയും കൃഷി ഉദ്യോഗസ്ഥരുടെയും ഉറപ്പില്‍ നെല്ല് റോഡില്‍ സൂക്ഷിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കര്‍ഷക കുടുംബം.
രണ്ടു വർഷം മുമ്പുവരെ സിഐടിയു അംഗമായി ചുമട്ടുതൊഴില്‍ ചെയ്തിരുന്ന ഓമനക്കുട്ടന് ആരോഗ്യകാരണത്താലാണ് ചുമടെടുക്കുന്നതിൽനിന്ന് മാറിയത്

