തിരുവനന്തപുരം: അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
അങ്ങനെ നാം അതും നേടിയിരിക്കുന്നു. അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒരു കേരളപ്പിറവി ദിനത്തിൽ തന്നെ പുതുചരിത്രം കുറിക്കാനായി എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഉയർച്ച ഉറപ്പാക്കുന്ന ഉൾച്ചേർക്കലിന്റെ ജനകീയ വികസന മാതൃകയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി എൽഡിഎഫ് സർക്കാർ തുടർന്നുവരുന്നത്.
ആ കാഴ്ചപ്പാടിന്റെ വിജയം കൂടിയാണ് ഇന്ന് നാം കൈവരിച്ചിരിക്കുന്ന ഈ നേട്ടം. സംസ്ഥാനം മുഴുവൻ നീണ്ട സമഗ്രമായ പ്രക്രിയയിലൂടെ അതിദരിദ്രരെ കണ്ടെത്തി, അവരെ പ്രത്യാശയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ മൈക്രോപ്ലാനുകൾ ആവിഷ്കരിച്ചു വിജയിപ്പിക്കാൻ നമുക്ക് സാധിച്ചു. അതിനായി അഹോരാത്രം പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അവരുടേത് കൂടിയാണ് ഈ ചരിത്ര നേട്ടം. അതിദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയതിന്റെ കരുത്തിൽ നമുക്ക് മുന്നോട്ടുപോകാം. ഇനിയുമേറെ കാര്യങ്ങൾ നമുക്ക് ചെയ്തുതീർക്കേണ്ടതുണ്ട്. ലോകം ഉറ്റുനോക്കുന്ന ഒരു നവകേരളം സൃഷ്ടിക്കാം.

