ബംഗളൂരു: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ ടെന്നീസ് കോർട്ടില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻഡ് സ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാന്പനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നന്പർ താരം എന്നീ റിക്കാർഡുകൾ സ്വന്തമാക്കിയശേഷമാണ് 45 വയസുകാരൻ രോഹൻ ബൊപ്പണ്ണ ടെന്നിസിനോടു വിടപറയുന്നത്.
രണ്ട് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ബൊപ്പണ്ണയുടെ അവസാന മത്സരം ഈ വർഷം ആദ്യം പാരീസ് മാസ്റ്റേഴ്സിൽ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമായിരുന്നു.
നേട്ടം:
കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിൾസ് ചാന്പ്യനായാണ് ബൊപ്പണ്ണ ചരിത്രം സൃഷ്ടിച്ചു. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം ചേർന്നായിരുന്നു ബൊപ്പണ്ണയുടെ കിരീടനേട്ടം. ഇതോടെ പുരുഷ ഗ്രാൻഡ് സ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാന്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി നാൽപ്പത്തിമൂന്നാം വയസിൽ ബൊപ്പണ്ണ. കരിയറിൽ ബൊപ്പണ്ണയുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.
മൂന്ന് ഒളിംപിക്സുകളിൽ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു. 2024ൽ മാത്യു എബ്ഡനൊപ്പം ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിൾസ് കിരീടം നേടിയ ബൊപ്പണ്ണ 2017ൽ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ ഗബ്രിയേല ഡബ്രോവ്സ്കിക്കൊപ്പം കിരീടം നേടി. രണ്ട് തവണ പുരുഷ ഡബിൽസിലും രണ്ട് തവണ മിക്സഡ് ഡബിൾസിലുമായി നാലു തവണ ഗ്രാൻഡ് സ്ലാം ഫൈനലുകളിലെത്താനും ബൊപ്പണ്ണക്കായി.
ഐസാം ഉൽ ഹഖ് ഖുറേഷിക്കും മാത്യു എബ്ഡനുമൊപ്പം 2020ലെയും 2023ലെയും യുഎസ് ഓപ്പണിലും 2018ൽ ടൈമിയ ബാബോസിനും 2023ൽ സാനിയ മിർസയ്ക്കുമൊപ്പം ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസിലും ബൊപ്പണ്ണ ഫൈനൽ കളിച്ചിരുന്നു. 2012ൽ മഹേഷ് ഭൂപതിക്കൊപ്പവും 2015ൽ ഫ്ലോറിൻ മെർഗേയക്കൊപ്പവും എടിപി ഫൈനൽസിലും ബൊപ്പണ്ണ കളിച്ചു. 2016ലെ റിയോ ഒളിംപിക്സ് മിക്സഡ് ഡബിൾസിൽ സാനിയ മിർസക്കൊപ്പം മത്സരിച്ച ബൊപ്പണ്ണ നാലാം സ്ഥാനത്തെത്തിയിരുന്നു.
ടെന്നിസ് പ്രണയം
കൂർഗിലെ കാപ്പിത്തോട്ട, ഉടമ എം.ജി. ബൊപ്പണ്ണയുടെ മകൻ രോഹൻ ബൊപ്പണ്ണ ടെന്നിസിനോടുള്ള പ്രണയത്താലാണ് ബംഗളൂരുവിലേക്ക് കുടിയേറിയത്. പതിനൊന്നാം വയസിൽ കളിയുടെ തുടക്കം. ഇന്ത്യൻ ഡേവിസ് കപ്പ് ടീമിൽ 2002ൽ എത്തിയ ബൊപ്പണ്ണ പിന്നീട് ലോകത്തെ മികച്ച ഡബിൾസ് കളിക്കാരനെന്ന നിലയിൽ ശ്രദ്ധേയനായി മാറി.

