തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. നാളെ ഹൈക്കോടതിയില്‍ നല്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ ആവശ്യം അറിയിക്കും.കേസില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൂടാതെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്.
അതിനാല്‍ കുടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന സുധീഷ് കുമാര്‍, കെ.ബൈജു, മുന്‍ ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്.
ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിനും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായും തന്ത്രിയുമായും തന്നെക്കാള്‍ അടുത്ത ബന്ധമുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് തന്ത്രിമാരില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കടകംപള്ളി സുരേന്ദ്രനില്‍ നിന്നു മൊഴിയെടുത്തിയിരുന്നില്ല. കോടതി നിര്‍ദേശാനുസരണം മാത്രമായിരിക്കും കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തുക എന്നാണ് ലഭിക്കുന്ന വിവരം.

