തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയും ഫാമിലി മാൻ എന്ന വെബ് സീരീസിന്റെ സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലെന്ന അഭ്യൂഹങ്ങൾ ബലപ്പെടുത്തി പുതിയ ചിത്രങ്ങൾ. സാമന്തയുടെ പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ചിനിടെ രാജിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പെർഫ്യൂം ലോഞ്ചിന്റെ ചിത്രങ്ങൾ സാമന്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവച്ചിട്ടുണ്ട്.
നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകളുമായി ചിത്രത്തിനുതാഴെ എത്തുന്നത്. അതേസമയം രാജ് നിദിമോരുവുമായി സാമന്ത ഡേറ്റിംഗിൽ ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേതന്നെ വിവിധ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ് നിദിമോരു സംവിധാനം ചെയ്ത ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ ഹണി ബണി എന്നീ സീരീസുകളിൽ സാമന്ത പ്രധാന വേഷത്തിലെത്തിയിരുന്നു.
“ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാൻ എടുത്തത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ഉൾപ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ടു പോകുമ്പോൾ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്.
ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാർഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം-പെർഫ്യൂം ലോഞ്ചിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

