മേഘസന്ദേശമെന്ന് കേൾക്കുന്പോൾത്തന്നെ മുടിയഴിച്ച് ദംഷ്ട്രകൾ കാട്ടുന്ന യക്ഷി റോസിയുടെ മുഖമാകും ചിലർക്ക് മനസിലേക്ക് ആദ്യം എത്തുന്നത്. എന്നാൽ മറ്റ് ചിലർക്കാകട്ടെ ദോശയും ഇഡലിയുമൊക്കെ തിന്നുന്ന മോഡേൺ പ്രേതമാകും ഓർമയിലെത്തുന്നത്.
രാജശ്രീ നായർ ആണ് റോസിയായി അഭിനയിച്ചത്. ഇപ്പോഴിതാ താരം സംയുക്ത വർമയ്ക്കൊപ്പമുള്ള അനുഭവങ്ങൾ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംയുക്തയ്ക്കൊപ്പം ഞാൻ ചെയ്ത ആദ്യ സിനിമയാണ് മേഘസന്ദേശം. അതോടെ ഞങ്ങൾ ശരിക്കും അടുത്തു. സൂര്യനെ കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഹൈദരാബാദിലാണ് ഞാൻ താമസിക്കുന്നത്. കേരളത്തിൽ വന്നാൽ രണ്ട് ദിവസമെങ്കിലും സംയുക്തയ്ക്കൊപ്പം ചെലവഴിക്കും.
സംയുക്തയുടെ മകൻ ദക്ഷും എന്റെ മകൻ അദ്വൈവും ഒരേ പ്രായമാണ്, ഇരുവരും തമ്മിലും നല്ല സൗഹൃദമാണ്. എന്റെ സഹോദരനാണ് സംയുക്തയുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ സൗഹൃദത്തിനിടെ അവർ തമ്മിൽ പ്രണയത്തിലായി. ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. അവർ ഒരുമിച്ച് സമയം ചെലവഴിക്കുമായിരുന്നു. പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ വിവാഹം നടത്തിക്കൊടുത്തു എന്ന് രാജശ്രീ പറഞ്ഞു.

