ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്ന് ആഗ്രയിലെ പ്രശസ്തമായ ടാജ് ഹോട്ടലിൽ ജീവനക്കാരനെ മർദ്ദിച്ച അതിഥിക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി മാനേജ്മെന്റ്. എസ്എൽഎംജി ബിവറേജസ് ജോയിന്റ് മാനേജിംഗ് ഡയറക്ടറും ഹോട്ടലിന്റെ ചുമതലയുള്ളവരിൽ ഒരാളുമായ പരിതോഷ് ലധാനിയാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
ഹോട്ടലിലെ റെസ്റ്റോറന്റിൽ അതിഥിയെ സേവിക്കുന്നതിനിടയിലാണ് കാന്തി എന്ന വെയ്റ്ററും അതിഥിയും തമ്മിൽ ആശയവിനിമയത്തിലെ പിഴവുകൾ കാരണം പ്രശ്നമുണ്ടാകുന്നത്. കാന്തിയുടെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായ അതിഥി വെയ്റ്ററെ തല്ലുകയായിരുന്നു.
എന്നാൽ തന്റെ സ്വപ്നതുല്യമായ ജോലി നഷ്ടപ്പെടുമോയെന്ന ഭയം കാരണം കാന്തി ഈ വിവരം മാനേജ്മെന്റിനോട് പറഞ്ഞില്ല. ആഗ്രയ്ക്ക് സമീപമുള്ള ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്നെത്തിയ തനിക്ക് ഈ ജോലി അത്രയധികം വിലപ്പെട്ടതാണെന്നും, അതിനാൽ പരാതി നൽകാൻ തയ്യാറായില്ലെന്നും കാന്തി പിന്നീട് മാനേജ്മെന്റിനോട് വ്യക്തമാക്കി.
സംഭവമറിഞ്ഞ് കടുത്ത അമർഷം രേഖപ്പെടുത്തിയ പരിതോഷ് ലധാനി, പിറ്റേദിവസം തന്നെ ആ അതിഥിയെ ഹോട്ടലിൽ നിന്ന് ആജീവനാന്തം വിലക്കുകയായിരുന്നു. ഉപഭോക്താക്കളുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലല്ല ജീവനക്കാരോട് പെരുമാറേണ്ടതെന്നും, തന്റെ ജീവനക്കാരുടെ അന്തസ്സ് സംരക്ഷിക്കാൻ മാനേജ്മെന്റ് എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലുള്ള പിന്തുണയാണ് ഈ സംഭവത്തിനും ഹോട്ടൽ മാനേജ്മെന്റിന്റെ നടപടിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

