ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇന്ത്യയുമായി ‘നീതിപൂർവമായ ഒരു വ്യാപാരക്കരാർ’ഉണ്ടാക്കുന്ന തലത്തിലേക്ക് തങ്ങൾ അടുത്തുകഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ഘട്ടമെത്തുന്പോൾ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയ താരിഫ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പതിവുരീതിയിൽ അതിശയോക്തി കലർത്തിയുള്ള സംഭാഷണമായിരുന്നോ ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല. “മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ചൊരു കരാർ ഇന്ത്യയുമായി ഉണ്ടാക്കാൻ പോകുകയാണ്.
എല്ലാവർക്കും ഗുണമുള്ള ഡീൽ ആയിരിക്കും അത്. ഇപ്പോൾ അവർ എന്നെ സ്നേഹിക്കുന്നില്ലെങ്കിലും ഭാവിയിൽ വീണ്ടും സ്നേഹിക്കും’’, ഓവൽ ഓഫീസിൽ ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായി സെർജിയോ ഗോർ സത്യപ്രതിജ്ഞ ചൊല്ലുന്ന ചടങ്ങിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു.
റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കുമേൽ കടുത്ത തീരുവ ചുമത്തിയത്.ഒരു ഘട്ടമെത്തുന്പോൾ അതു കുറയ്ക്കുകതന്നെ ചെയ്യും. തീരുവകളില്ലെങ്കിൽ യുഎസിന്റെ അവസ്ഥ മുൻകാലങ്ങളിലേതു പോലെ കുഴപ്പത്തിലാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

