ദേഹം അമിതമായി അനങ്ങരുത്, വ്യായാമം ചെയ്യരുത്, കുനിയരുത് എന്നിങ്ങനെ ധാരാളം നിയന്ത്രണങ്ങളാകും ഗർഭിണികളായ യുവതികൾക്ക് കൽപ്പിച്ചിരിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ഡോ. സോനം ദാഹിയ. ബോളിവുഡ് ഹിറ്റ് ഗാനമായ ‘ഡിംഗ് ഡോങ് ഡോൾ’ എന്ന പാട്ടിന് കോറിയോഗ്രാഫർ ആദില്‍ ഖാനോടൊപ്പം ചടുല നൃത്തം ചെയ്യുകയാണ് ഡോ. സോനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
സ്വപ്നം ഒടുവില്‍ യാഥാര്‍ഥ്യമായി എന്നു കുറിച്ചുകൊണ്ടാണ് സോനം വീഡിയോ പങ്കുവച്ചത്. തന്റെ ഗര്‍ഭാവസ്ഥയെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ഡോക്ടര്‍ ഒരു ചെറു കുറിപ്പും വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചു.
ഒരു ഡോക്ടർ എന്ന നിലയിൽ ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ച ഡോക്ടര്‍ താന്‍ അടുത്ത് തന്നെ ഇരട്ട പെണ്‍കുട്ടികളെ പ്രസവിക്കുമെന്നും എഴുതി. നിങ്ങൾ ആരോഗ്യവാനും ഗർഭധാരണത്തില്‍ സങ്കീര്ണ്ണതകളൊന്നുമില്ലെങ്കില് ഡോക്ടറുമായി കൂടിയാലോചിച്ച് വ്യായാമങ്ങൾ ചെയ്യണമെന്ന് ഡോക്ടര്‍ സോനം ദാഹിയ കുറിച്ചു.
ഒപ്പം വൈവിധ്യമുള്ള സംസ്കാരത്തെ ബഹുമാനിക്കുന്നെന്നും എന്നാല്‍, വ്യായാമം ചെയ്യുമ്പോൾ എന്ത് ധരിക്കണമെന്നത് തന്റെ മാത്രം തീരുമാനമാണെന്നും അവരെഴുതി. ഇത്തരം കാര്യങ്ങളില്‍ നമ്മൾ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ആകുലരാകുന്നതിനേക്കാൾ, അവനവനോട് തന്നെ സത്യസന്ധത പുലര്‍ത്തണമെന്നും ഡോക്ടർ കുറിച്ചു.
ഒപ്പം മോശം കുറിപ്പുകളെഴുതുന്നവരെയും ഡോക്ടര്‍ നിശിതമായി വിമര്‍ശിച്ചു. ഓരോരുത്തരെയും തിരിച്ചറിയുന്നത് അവരവരുടെ പ്രവര്‍ത്തിയിലൂടെയാണെന്നും ഡോക്ടര്‍ ഓർമ്മപ്പെടുത്തി. ദയയും ധാരണയും വിമർശനത്തേക്കാൾ വളരെ ശക്തമാണ്.
നമുക്കെല്ലാവർക്കും നമ്മെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വയംഭരണാധികാരമുണ്ടെന്ന് ഓർമ്മപ്പെടുത്തിയ ഡോക്ടര്‍, അത് വസ്ത്രത്തിന്റെ കാര്യത്തില്‍ പോലും ബാധകമാണെന്ന് ഓര്‍മ്മപ്പെടുത്തി. നിങ്ങളുടെ ശരീരം, നിങ്ങളുടെ തെരഞ്ഞെടുപ്പ് എന്ന വാചകത്തോടെയാണ് ഡോക്ടർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.