കടുത്തുരുത്തി: സ്കൂളില്‍ പോകൂന്ന പെണ്‍ക്കുട്ടിയെ സ്ഥിരമായി ബൈക്കിലെത്തി ശല്യം ചെയ്തിരുന്ന യുവാവിനെ ബന്ധുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോളാണ് ഭാര്യയും രണ്ടു കുട്ടികളുടെ പിതാവുമാണ് പെണ്‍ക്കുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന പൂവാലനെന്നു മനസിലായത്. സ്റ്റേഷനില്‍വച്ചു ഇയാള്‍ കരഞ്ഞു പെണ്‍ക്കുട്ടിയുടെ കാലു പിടിച്ചു ക്ഷമ ചോദിച്ചതിനെത്തുടര്‍ന്ന് താക്കീത് ചെയ്ത ശേഷം പോലീസ് വിട്ടയച്ചു.
കളത്തൂര്‍ ഇണ്ടിക്കുഴി കവലയില്‍വച്ച് രാവിലെ എട്ടരയോടെയാണ് പട്ടിത്താനം സ്വദേശിയും കടുത്തുരുത്തിയിലെ ഒരു കടയില്‍ ജോലി നോക്കൂന്നതുമായ യുവാവിനെ പെണ്‍ക്കുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയത്. കാണക്കാരിയില്‍ പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ബസ് കാത്തുനില്‍ക്കുമ്പോഴാണ് ബൈക്കിലെ ത്തുന്ന ഇയാള്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയിരുന്നത്. ശല്യം സഹിക്കാതായതോടെ പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിക്കുകയായി രുന്നു. ഇതോടെയാണ് ഇന്നലെ ഇയാളെ പിടികൂടാനെത്തിയത്.
പൂവാലനെ കടുത്തുരുത്തി സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ കേസ് എടുക്കരുതെന്നും വീട്ടില്‍ അറിഞ്ഞാല്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോകുമെന്നുമായിരുന്നു ഇയാളുടെ കരച്ചില്‍. തുടര്‍ന്നാണ് വീട്ടുകാര്‍ നോക്കിനില്‍ക്കെ ഇയാള്‍ പെണ്‍കുട്ടിയുടെ കാലില്‍ വീണ് മാപ്പു പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പറഞ്ഞതുനുസരിച്ചു പോലീസ് കേസെടുത്തില്ല. എന്നാല്‍ ദിവസവും കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പൂവാലനിട്ട് പോലീസ് ഒരു പണി കൊടുത്തു. പൂവാലന്റെ ശല്യം വീട്ടുകാരെ അറിയിച്ച പെണ്‍ക്കുട്ടിയെ പോലീസ് അഭിനന്ദിച്ചു. ഇത്തരത്തില്‍ ശല്യമുണ്ടാകുമ്പോള്‍ വിവരം പോലീസില്‍ അറിയിക്കണമെന്നും പോലീസ് വിദ്യാര്‍ഥിനികളോടും അധ്യാപകരോടും അഭ്യര്‍ഥിച്ചു.