ആദിവാസി മേഖലയില്‍ പ്രമോട്ടര്‍മാരെ പിരിച്ചുവിട്ട് പുതിയനിയമനത്തിന് നീക്കം

pkd-adivasiപത്തനാപുരം : ജില്ലയിലെ ആദിവാസി പ്രെമോട്ടര്‍മാരെ പിരിച്ച് വിട്ട് പുതിയ ആളുകളെ നിയമിക്കാന്‍ നീക്കം.പാര്‍ട്ടി തീരുമാനം അനുസരിച്ച് ആദിവാസി വകുപ്പ് ഓഫീസില്‍ അറിയിക്കാതെയാണ് പുതിയ പ്രെമോട്ടര്‍മാരെ നിയമിക്കാന്‍ നീക്കം നടക്കുന്നത്. അപേക്ഷയുമായി ആളുകള്‍ എത്തി തുടങ്ങിയപ്പോഴാണ് ഓഫീസ് അധികൃതര്‍ അറിയുന്നത് തന്നെ.ജില്ലയില്‍ നിലവില്‍ പതിനാല് പ്രെമോട്ടര്‍മാരും നാല് ഹെല്‍ത്ത് സ്റ്റാഫുമാണ് ആദിവാസികള്‍ക്കിടയില്‍ നിന്നും നിയമിച്ചിരിക്കുന്നത്.പതിനെട്ട് പേരില്‍ മൂന്ന് പുരുഷന്‍മാരും പതിനഞ്ച് സ്ത്രീകളുമാണ് ഉള്ളത്.ഇതില്‍ കൂടുതല്‍ ആളുകളും കിഴക്കന്‍മേഖലയില്‍ നിന്നും ഉള്ളവരാണ്.

പുതിയ തീരുമാനം അനുസരിച്ച് ഇവര്‍ക്കെല്ലാം തൊഴില്‍ നഷ്ടമാകും.ആദിവാസികളുടെ ആരോഗ്യപരിരക്ഷ,സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ ഇടപെട്ട് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എത്തിക്കുക എന്നതാണ് പ്രെമോട്ടര്‍മാര്‍ വഴി ലക്ഷ്യമിടുന്നത്. തുച്ഛമായ വേതനത്തിന് ഓരോ വര്‍ഷത്തേക്കായിരുന്നു ആദിവാസികള്‍ക്കായി അവരില്‍ നിന്ന് തന്നെ പ്രെമോട്ടര്‍മാരെ നിയമിക്കുന്നത്.എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവരുടെ കാലാവധി മൂന്ന് വര്‍ഷമായി വര്‍ധിപ്പിക്കുകയും ഓണറേറിയം 9625 രൂപ ആക്കുകയും ചെയ്തു.

ഒന്നര വര്‍ഷം മുതല്‍ പതിനഞ്ച് വര്‍ഷം വരെ ജോലി ചെയ്തവര്‍ക്കാണ് പുതിയ നിര്‍ദേശം കാരണം ജോലി നഷ്ടമാകുന്നത്.എന്നാല്‍ ജോലി സമയത്തെ ഓണറേറിയം അല്ലാതെ പെന്‍ഷനോ ക്ഷേമനിധിയോ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല.കിഴക്കന്‍ മേഖലയുടെ പലഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഊരുകളിലേക്ക് ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രെമോട്ടര്‍മാര്‍ പോലും ഇല്ല.ഈ രണ്ടിലധികം പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരും ഉണ്ട്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കുന്നത്.അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനെതിരെ കോടതിയെ സമീപിക്കാനും ഇവര്‍ തയാറെടുക്കുന്നുണ്ട്.

Related posts