ഒ.എന്‍.വിയുടെ കണ്ണുകളില്‍ തിരമാലകള്‍ അലയടിച്ചിരുന്നു: മധു

tvm-onvതിരുവനന്തപുരം: ഒ.എന്‍.വി. കുറുപ്പിന്റെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കിയിരിക്കുമ്പോള്‍ തിരമാലകള്‍ അലയടിച്ചു വരുന്ന അനുഭവമായിരുന്നുവെന്ന്  നടന്‍ മധു. പ്രഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഇന്നലെ നന്ദാവനം കൃഷ്ണപിള്ള സ്മാരക സംസ്കൃതി കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രഫ. ഒ.എന്‍.വി. കുറുപ്പ് അനുസ്മരണ ചടങ്ങില്‍ ഒ.എന്‍.വിയുടെ ഛായാചിത്രം അടൂര്‍ ഗോപാലകൃഷ്ണനോടൊപ്പം ചേര്‍ന്നു അനാച്ഛാദനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

1953-54 കാലഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ താന്‍ ഹിന്ദി ഐഛിക വിഷയമായെടുത്ത് ബിഎയ്ക്ക് പഠിക്കുന്ന കാലത്ത് ഒ.എന്‍.വിയും മലയാള ഭാഷാ പഠനത്തിനു അതേ കോളജില്‍ ഉണ്ടായിരുന്നു. തന്റെ സുഹൃത്തായിരുന്ന പ്രഭാകരന്‍ നായരാണ് ഒരിക്കല്‍ പറഞ്ഞത് ഒ.എന്‍.വിയുടെ കണ്ണുകളില്‍ നോക്കിയിരിക്കുമ്പോള്‍ ശംഖുമുഖം കടപ്പുറത്ത് കടലിനെ നോക്കിയിരിക്കുന്ന പ്രതീതി തോന്നും എന്ന്. അങ്ങനെയാണ് ഒ.എന്‍.വിയുടെ കണ്ണുകളില്‍ നോക്കിയത്. അപ്പോള്‍ അതേ അനുഭൂതി തന്നെ ഉണ്ടായി. ഒ.എന്‍.വി. രചിച്ച മാണിക്യവീണയുമായെന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത ഗാനങ്ങള്‍ പാടി അഭിനയിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു.

സാംസ്കാരിക രംഗത്തെ വിശുദ്ധമാക്കിയ ഗുരുവാണ് ഒ.എന്‍.വി. കുറുപ്പ് എന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മലയാളം ഇത്രകണ്ട് സ്‌നേഹിച്ച മറ്റൊരു കവി ഇല്ലെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പിരപ്പന്‍കോട് മുരളി പറഞ്ഞു. ഒ.എന്‍.വിയെ അവസാന നാളുകളില്‍ കണ്ടതിന്റെ ഓര്‍മ സുഹൃത്തും ദേവരാജന്‍ ശക്തിഗാഥ പ്രസിഡന്റുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ പങ്കുവച്ചു.

താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ദേവരാജന്റെ പേരിലുള്ള പുരസ്കാരം താന്‍ തന്നെ നല്കാം എന്നു അവശനിലയില്‍ കിടന്നുകൊണ്ടും ഒ.എന്‍.വി. പറഞ്ഞതും പെരുമ്പുഴ ഓര്‍മിച്ചു. പത്തു വര്‍ഷമായി ഒ.എന്‍.വി. ചെയര്‍മാനായിരുന്ന കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറി ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ ഒ.എന്‍.വിയോടൊപ്പം പ്രവര്‍ത്തിച്ച നാളുകള്‍ നിറകണ്ണുകളോടെ പങ്കുവച്ചു.   ഫെബ്രുവരി 12നു രാത്രി ഫൗണ്ടേഷനു പത്തു ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ച കാര്യം സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അറിയിക്കുകയും ആ വിവരം ഒ.എന്‍.വിയെ അറിയിക്കുവാന്‍ പറയുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ ഈ സന്തോഷ വാര്‍ത്ത പറയുവാന്‍ ഒ.എന്‍.വിയുടെ ഫോണില്‍ വിളിക്കുമ്പോള്‍ ആണ് അദ്ദേഹം ഐസിയുവിലാണെന്ന കാര്യം അറിയുന്നത്.   ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എന്നും ഹൃദയം അര്‍പ്പിച്ച് നിലനിന്നിരുന്ന ഒ.എന്‍.വിയെ ഗ്രാന്റ് ലഭിച്ച കാര്യം അറിയിക്കുവാന്‍ കഴിയാത്തത് ഒരു കുടിശികയായി ഹൃദയഭാരത്തോടെ സൂക്ഷിക്കുന്നുവെന്നും സ്വാഗത പ്രസംഗത്തില്‍ എഴുമറ്റൂര്‍ വികാരാധീനനായി പറഞ്ഞു. എസ്. രാധാകൃഷ്ണന്‍, എന്‍. പരമേശ്വരന്‍, പി.കെ. മോഹന്‍, തിരുമല ശിവന്‍കുട്ടി എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

Related posts