മേപ്പാടി: വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമല്ലതായതോടെ എസ്റ്റേറ്റ് പാടികള്‍ വീണ്ടും തകര്‍ച്ചാ ഭീഷണിയില്‍. മേപ്പാടി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലെ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റ ഉടമസ്ഥതയിലുള്ള കല്ലൂര്‍, പാറക്കുന്ന്,ചുണ്ടേല്‍, നെടുംങ്കരണ, പുത്തുമല, നെടുമ്പാല, അച്ചൂര്, തുടങ്ങിയ ഡിവിഷനുകളിലെ നിരവധി എസ്റ്റേറ്റ് പാടികളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. നൂറോളം തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന പാടിലൈനുകളിള് അപകടസാധ്യത വര്‍ധിച്ചിട്ടും മാറ്റിപ്പാര്‍പ്പിക്കാന്‍ മാനേജ്മെന്റുകള്‍ തയാറാവത്തതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. 1950, 55 കാലഘട്ടത്തില്‍ കല്ലും മണ്ണും കൊണ്ട് മാത്രം നിര്‍മിച്ച ഒരു പാടിയില്‍ മാത്രം നാലുമുതല്‍ ആറുവരെ ലൈന്‍ റൂമുകളാണുള്ളത്.
കാലാകാലങ്ങളില്‍ മാനേജ്മെന്റ് അറ്റകുറ്റപ്പണികള്‍ നടത്താത്തതും കുടിവെള്ളം,വൈദ്യുതി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്പ്പെടുത്താതുംമൂലമാണ് തൊഴിലാളികള്‍ പാടികള്‍ ഉപേക്ഷിച്ചുപോകുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം ക്വാര്‍ട്ടേഴ്സുകള്‍ ഉപേക്ഷിച്ചുപോകുന്നവരും നിരവധിയാണ്.ഈ കാരണത്താല്‍ നിലവില്‍ തൊഴിലാളികള്‍ക്കുപുറമെ 100 മുതല്‍ 200 രൂപ നിരക്കില്‍ വാടകയായി നല്കി നിരവധി കുടുംബങ്ങളും ഇവിടങ്ങളില്‍ താമസിച്ചുവരുന്നു|്. വര്‍ഷങ്ങളായി താമസമില്ലാത്ത പാടിലൈനുകള്‍ ചിതലെടുത്തും കാടുകയറിയും ഇഴജന്തുകളുടേയും സാമുഹികവിരുദ്ധരുടേയും താവളമായി മാറി തൊഴിലാളികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. നിരവധി കടുംബങ്ങള്‍ മാറിപ്പോയതിനാല്‍ നിലവിലുള്ള കുടുംബങ്ങള്‍ രണ്ടു റുമുകളിലാണ് താമസിക്കുന്നത്്. പല പാടികളുടേയും ഓടുകള്‍ തകര്‍ന്നും മരങ്ങള്‍ ജീര്‍ണിച്ചും നിലംപൊത്തുമെന്ന അവസ്ഥയിലാണുള്ളത്.
കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പാടികളില്‍ കഴിയുന്നവര്‍ ഭിതിയുടെ വക്കിലാണ്.
തൊഴിലാളികളുടെ പരാതികള്‍ ഉയരുമ്പോള്‍ പേരിനുമാത്രം മിനുക്കുപണി നടത്തുക മാത്രമാണ് എസ്റ്റേറ്റ് അധികാരികള്‍ ചെയ്യുന്നതെന്നും കരാറുകാരെ കിട്ടാനില്ലന്ന കാരണങ്ങള്‍ പറഞ്ഞു തടിതപ്പുകയാണെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. എല്ലാ വര്‍ഷങ്ങളിലും പാടികളുടെ സുരക്ഷിതത്വമില്ലായ്മയുടെ അവസ്ഥയെക്കുറിച്ച് പരാതിപ്പെടാറുണ്ടെങ്കിലും തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും നടപടികള്‍ കൈക്കൊള്ളാറില്ല. നിയമസഭ ഇലക്ഷന് പ്രചരണാര്‍ത്ഥം തോട്ടം മേഖലയിലെത്തുന്ന സ്ഥാനാര്ഥികള്ക്കുമുന്നില് തൊഴിലാളികള്‍ ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ടതും പാടികളുടെ ശോചനീയാവസ്ഥയാണ്.