കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലം പണി സ്തംഭനത്തില്‍

kkd-palamവടകര : അഴിയൂര്‍ കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തി പാതി വഴിയില്‍ മുടങ്ങി. റെയില്‍വെയുടെ ഭാഗത്ത് നിന്നുള്ള ജോലികളാണ് നിലച്ചിരിക്കുന്നത്. പാളത്തിനു മുകളിലെ ജോലി ചെയ്യാന്‍ റെയില്‍വെ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് അനുമതി വേണ്ടതുണ്ട്. ഇത് കിട്ടാതായതോടെ പണിയും നിലച്ചു. പ്രവൃത്തി പുനരാരംഭിച്ചാല്‍ കുറഞ്ഞത് നൂറ് ദിവസമെങ്കിലുമെടുക്കും പൂര്‍ത്തീകരിക്കാന്‍. അത്രയും കാലം ട്രെയിന്‍ വേഗത നിയന്ത്രണം ആവശ്യമായി വരും. മേല്‍പാലത്തിന്റെ രണ്ട് ഭാഗങ്ങളിലുള്ള തൊണ്ണൂറ് ശതമാനം പണികളും പൂര്‍ത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡടക്കം റെയിലിന്റെ കിഴക്ക് കോറോത്ത് ഭാഗത്ത് മുഴുവന്‍ പ്രവൃത്തിയും കഴിഞ്ഞു. മറു ഭാഗം അപ്രോച്ച് റോഡിന്റെ പണി പൂര്‍ണമായിട്ടില്ല.

റെയില്‍വെയുടെ ഭാഗത്തെ പ്രധാന സ്ലാബിനുള്ള പണിയുടെ ഒരുക്കങ്ങള്‍ കഴിഞ്ഞുവെങ്കിലും അനുമതി നീളുന്നതില്‍ പ്രതിഷേധം ഉയരുകയാണ്. നാളുകള്‍ പിന്നിടുന്തോറും നിര്‍മാണ ചിലവ് കൂടുന്നത് മൂലം ടോള്‍ സംവിധാനം കൊണ്ടുവരാനുള്ള സാധ്യതയേറെയാണ്. തൊട്ടടുത്ത കൈനാട്ടിയില്‍ റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണം വൈകിയതിനെ തുടര്‍ന്ന് ടോള്‍ പിരിക്കാന്‍ നീക്കം നടത്തിയെങ്കിലും ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

ദേശീയപാതയില്‍ നിന്ന് പാനൂര്‍, ഇരിട്ടി, ഓര്‍ക്കാട്ടേരി ഭാഗങ്ങളിലേക്കുള്ള യാത്രയില്‍ കുഞ്ഞിപ്പള്ളി റെയില്‍വെ ഗേറ്റ് അടക്കുമ്പോള്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസമാണ് അനുഭവപ്പെടുന്നത്. ഗെയിറ്റ് അടക്കുമ്പോള്‍ കുഞ്ഞിപ്പള്ളി ടൗണടക്കം ഗതാഗത കുരുക്കില്‍ വീര്‍പ്പു മുട്ടുകയാണ് ഇപ്പോള്‍. ഇത് സംബന്ധിച്ച് വ്യാപക പരാതിയും നിവേദനങ്ങളും അയച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് മേല്‍പാല നിര്‍മാണത്തിന് അനുമതി നല്‍കിയത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല. മുടങ്ങി നില്‍ക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts