ചങ്ങനാശേരി: തെങ്ങണയില്‍ റോഡരികിലെ തടി ഉരുപ്പടി വ്യാപാരം ഗതാഗതക്കുരുക്കിനും അപകടങ്ങള്ക്കുമിടയാകുന്നു. റോഡരികിലെ തടി വ്യാപാരത്തിനെതിരേ ആക്ഷേപം ശക്തമായിട്ടും പൊതുമരാമത്തു വകുപ്പും മാടപ്പള്ളി ഗ്രാമപഞ്ചായത്തും തൃക്കൊടിത്താനം പോലീസും കണ്ടില്ലെന്നു നടിക്കുന്നു. തെങ്ങണ ജംഗ്ഷന് മുതല്‍ കണ്ണവട്ടവരെയുള്ള തിരക്കേറിയ റോഡിന്റെ വശങ്ങള് കൈയേറിയാണ് തടി വ്യാപാരം നടത്തുന്നത്.
പഴയ വീടുകള്‍ വാങ്ങി പൊളിച്ചുകൊണ്ടുവരുന്ന തടി ഉരുപ്പടികളും ഓടും മറ്റു സാമഗ്രികളുമാണ് റോഡരികില്‍ നിക്ഷേപിച്ച് വില്പന നടത്തുന്നത്. ടാറിങ്ങിനോട് ചേര്‍ത്താണ് തടി സാമഗ്രികള്‍ വില്പനക്കു വച്ചിരിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇരുചക്ര വാഹനങ്ങളും കാല്‍നടക്കാരും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. പഴയ ഉരുപ്പടികളിലെ റോഡില്‍ വീണുകിടക്കുന്ന ആണികള്‍ വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറാകാന്‍ ഇടയാക്കുന്നതായും പരാതിയുണ്ട്.
പലതവണ പോലീസും പോതുമരാമത്ത് വകുപ്പും തടി വില്പനക്കാര്ക്ക് നോട്ടീസ് നല്‍കിയെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥസ്വാധീനം ചെലുത്തി കച്ചവടം നിര്‍ബാധം തുടരുകയാണ്. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു തടസമാകുന്ന തരത്തില്‍ റോഡരികില്‍ തടി ഉരുപ്പടികള്‍ നിക്ഷേപിച്ചു നടത്തുന്ന വ്യാപാരം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അധികാരികള്‍ക്ക് പരാതി നല്‍കാനും സംഘടനാ നേതൃത്വം ആലോചിക്കുന്നുണ്ട്.