പള്ളുരുത്തി: ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഗീതജ്ഞനായ കത്തോലിക്കാ സന്യാസവൈദികന്റെ സംഗീതക്കച്ചേരി ആസ്വാദകരുടെ മനം നിറച്ചു. കര്‍ണാടകസംഗീതത്തില്‍ ഡോക്ടറേറ്റുള്ള സിഎംഐ സഭാംഗവും തൃശൂരിലെ ചേതന മ്യൂസിക് കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പലും ചേതന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വോക്കോളജി സ്ഥാപകനുമായ റവ. ഡോ. പോള്‍ പൂവത്തിങ്കലാണ് ക്ഷേത്രാങ്കണത്തില്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായ ശാസ്ത്രീയസംഗീത കച്ചേരി നയിച്ചത്.
വാതാപി ഗണപതിം കീര്‍ത്തനത്തില്‍ തുടങ്ങി അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയില്‍ നിന്നുള്ള കീര്‍ത്തനാലാപനവും കടന്ന് മതസൗഹാര്‍ദ, ദേശഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ വരെയെത്തി സംഗീതനിശ രണ്ടര മണിക്കൂറോളം നീണ്ടുനിന്നു.പ്രഫ. അബ്ദുള്‍ അസീസ് (വയലിന്‍), ഗുരുവായൂര്‍ സനോജ് (മൃദംഗം), കണ്ണൂര്‍ ശ്രീജിത്ത് (ഘടം) തുടങ്ങിയവരാണ് കച്ചേരിക്ക് പിന്നണിയിലുണ്ടായിരുന്നു.
ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവുമായ ഫാ. പൂവത്തിങ്കല്‍ വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച നിരവധി സംഗീത ആല്‍ബങ്ങള്‍ ഇറക്കിയിട്ടുണ്ട്. പ്രമുഖ സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ നിര്‍ദേശപ്രകാരമാണ് നാനാജാതി മതസ്ഥര്‍ എത്തുന്ന ഉത്സവത്തിന് മതേതര സ്വഭാവം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രേഷ്ഠ കലാകാരനും സംഗീതജ്ഞനുമായ വൈദികന്റെ സംഗീതക്കച്ചേരി ഒരുക്കിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.