പരവൂര്‍ ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തെ സംബന്ധിച്ച് ഇടതുമുന്നണി അഭിപ്രായം പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് ആവശ്യപ്പെട്ടു. അഡ്വ. ടി.ജി.വിശ്വനാഥന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പരവൂര്‍ ജംഗ്ഷനില്‍ നടത്തിയ അഡ്വ. ടി.ജി.വിശ്വനാഥന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെക്കുറിച്ച് ഇലക്ഷന് സമയത്ത് ഇടതുപക്ഷം പ്രചരിപ്പിച്ച കള്ളക്കഥകള്‍ക്ക് മാണിയോട് മാപ്പുപറയാന്‍ ഇടതുപക്ഷം തയാറാണോയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് ചോദിച്ചു.
യുഡിഎഫില്‍ നില്ക്കുമ്പോള് വ്യക്തികളെക്കുറിച്ച് ഒരഭിപ്രായവും യുഡിഎഫില്‍ നിന്നും മാറുമ്പോള്‍ മറ്റൊരഭിപ്രായവും പറയുന്നത് സിപിഎമ്മിന്റെ ഇരട്ടമുഖമാണെന്നും ഉണ്ണിത്താന് പരിഹസിച്ചു.കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്എസ്യുഐ രൂപീകരിക്കുന്നതിന് നേതൃത്വം നല്കിയ അഡ്വ. ടി.ജി.വിശ്വനാഥനെ ഇന്ത്യയിലെ വിദ്യാര്‍ത്ഥിസംഘടനാ ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനമാണുള്ളതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ഫൗണ്ടേഷന് ചെയര്മാന് നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ്, ഫൗണ്ടേഷന് സെക്രട്ടറി തെക്കുംഭാഗം ഷാജി, മണ്ഡലം പ്രസിഡന്റ് എസ്. സുനില്‍കുമാര്‍, പരവൂര്‍ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.