മിനിമം ഗ്യാരന്റിയുള്ള നായകനെന്ന ലേബലിലേക്ക് ബിജുമേനോനെ ഉയര്‍ത്തിയത് വെള്ളിമൂങ്ങയാണെങ്കില്‍ ഈ ‘സ്വര്‍ണ കടുവ’ പ്രേക്ഷകരുടെ ആ വിശ്വാസത്തെ അരയ്ക്കിട്ട് ഉറപ്പിക്കുകയാണ്. വെള്ള കടുവയായി അനൗണ്‍സ് ചെയ്ത് ഒടുവില്‍ സ്വര്‍ണ കടുവയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാറ്റുരച്ച് നോക്കിയ സ്വര്‍ണം പോലെ തനി തങ്കമാണ് ഈ ചിത്രമെന്ന് പറയേണ്ടി വരും. വെള്ളിമൂങ്ങയിലെ മാമച്ചന്റെ സ്വഭാവ ഗുണങ്ങള്‍ സ്വര്‍ണ കടുവയിലെ റിനി(ബിജുമേനോന്)ക്കും ഉണ്ടെങ്കിലും ഈ കടുവ കാട്ടുന്ന വിക്രിയകള്‍ പ്രേക്ഷകരെ നന്നേ രസിപ്പിക്കുക തന്നെ ചെയ്യും.
സംവിധായകന് ജോസ് തോമസും തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനനും കൂടി ഒരുക്കിയ ചിരി അമിട്ടുകള്‍ നല്ല ഒന്നാന്തരം തൃശൂര്‍ ഭാഷയില്‍ ബിജുമേനോനും കൂട്ടരും കൂടി ഭേഷായി പൊട്ടിച്ചപ്പോള്‍ അതൊരു ചിരിപ്പൂരമായി തീയറ്ററുകളില്‍ മാറുമെന്ന് ഉറപ്പാണ്. ഇനിയ(ലൗലി), പൂജിത(ദീപ്തി) എന്നീ രണ്ടു നായികമാര്‍ ഉണ്ടെങ്കിലും ചിത്രത്തെ ഒരു വണ്മാന് ഷോയിലൂടെ തന്റെ വരുതിയിലാക്കുകയാണ് ബിജു മേനോന്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബാര്‍പൂട്ടലും കോഴയുമെല്ലാം ചിത്രത്തില്‍ വിഷയമായി വരുമ്പോള്‍ നോട്ടെണ്ണുന്ന മിഷ്യനും പാലയിലെ സംഭവങ്ങളുമെല്ലാം തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ സംവിധായകന് മറന്നില്ല. ഉടായിപ്പുകളുടെ രാജാവായാണ് ബിജുമേനോന് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഏതൊരു തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് പലതവണ തെളിയിച്ചിട്ടുള്ള താരത്തിന്റെ കൈയടക്കമുള്ള പ്രകടനമാണ് സ്വര്‍ണ കടുവയില്‍ കാണാനാവുക.
വന്നു വീഴുന്ന കുരുക്കുകള്‍ അഴിക്കാന്‍ കുശാഗ്രബുദ്ധി കാട്ടുന്ന നായകന്റെ മാനറിസങ്ങള്‍ ആദ്യ പകുതിയില്‍ ചിരി ഉണര്‍ത്തുമ്പോള്‍ അതിന് മേമ്പോടി കൂട്ടാനെന്ന വണ്ണം നായകന്റെ സുഹൃത്തായി ചെറിയ കൗണ്ടറുകളിലൂടെ ഹരീഷ് പെരുവണ്ണയും ചിത്രത്തില്‍ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. ഒന്നാം പകുതിയില്‍ നിസാരമായി തോന്നിയ കാര്യങ്ങള്‍ അത്രയും രണ്ടാം പകുതിയില്‍ വലിയ കുരുക്കുകളായി മാറുന്നിടത്താണ് ചിത്രത്തില്‍ ട്വിസ്റ്റുകള്‍ രംഗപ്രവേശം ചെയ്യുന്നത്. സ്വര്‍ണ വ്യാപാരിയായി ചിത്രത്തിലെത്തുന്ന ഇന്നസെന്റും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
നായകന്റെ ആമ്പിയന്സിനൊത്ത പശ്ചാത്തല സംഗീതം തന്നെയാണ് ചിത്രത്തില്‍ ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നത്. രതീഷ് വേഗ ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന് മിഴിവ് കൂട്ടി. ഒരു അപകടത്തില്‍ നിന്നും കരകയറാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സംഭവങ്ങളിലൂടെ കഥ മുന്നോട്ട് പോകുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ചിത്രം എടുത്തിടുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം രണ്ടാം പകുതിയില്‍ സംവിധായകന് കരുതിവച്ചിട്ടുണ്ട്.
ട്വിസ്റ്റുകളില്‍ നിന്നും ട്വിസ്റ്റുകളിലേക്ക് രണ്ടാം പകുതി കടക്കുമ്പോഴാണ് ചിത്രം കൂടുതല്‍ ഉദ്വേഗജനകമാകുന്നത്. നര്‍മത്തിന്റെ ഭാഷ കലര്‍ത്തി രാഷ്ട്രീയക്കാരെ കണക്കിന് പരഹസിക്കാനും നാട്ടിലെ പ്രമുഖര്‍ പബ്ലിസിറ്റിക്കായി കാട്ടികൂട്ടുന്ന വേലകളുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തമാശ പാക്കേജുമായി എത്തിയ ജോസ് തോമസിന്റെ മായാമോഹിനിയും ശൃംഗാരവേലനുമെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഈ ചിത്രങ്ങളുടെ വിജയ ഫോര്‍മുല തന്നെയാണ് ജോസ് തോമസ് സ്വര്‍ണ കടുവയിലും തെരഞ്ഞെടുത്തത്.
കുടുംബ പ്രേക്ഷകരെ കണ്ടൊരുക്കിയ ചിത്രത്തില്‍ പണം ഉണ്ടാക്കാന്‍ ഏതു വഴിയും സ്വീകരിക്കുന്ന ഒരാളുടെ കഥയാണ് പറഞ്ഞുവയ്ക്കുന്നത്. തിന്മയില് തുടങ്ങി നന്മയില് അവസാനിക്കുന്ന ഒരുപാട് ചിത്രങ്ങളുടെ പട്ടികയിലേക്ക് സ്വര്‍ണ കടുവയുടെ പേര് കൂടി ഇനി ചേര്‍ത്ത് വായിക്കാം. പ്രതീക്ഷകളുടെ ഭാരം താഴത്തിറക്കിവച്ച് പോയാല്‍ ചിരിച്ച് ഉല്ലസിച്ച് കണ്ടിറങ്ങാവുന്ന ചിത്രമാണ് സ്വര്‍ണ കടുവ.
(വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നുള്ള കാര്യം മറക്കാതിരുന്നാല്‍ നല്ലത്.)
വി.ശ്രീകാന്ത്