ഫഌറ്റ് കൊലപാതകം: റഷീദിന്റെ കൂട്ടാളി പിടിയില്‍

alp-ARRESTതൃശൂര്‍: അയ്യന്തോള്‍ ഫഌറ്റില്‍ യുവാവ് കൊല്ല പ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി റഷീദിന്റെ കൂട്ടാളികളില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. ബംഗളുരുവില്‍ റഷീദിനെ സഹായിച്ച സംഘത്തിലുള്ള കൂട്ടാളിയാണ് പിടിയിലായിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയും, യൂത്ത് കോണ്‍ ഗ്രസ് നേതാവുമായിരുന്ന വാസുപുരം സ്വദേശി റഷീദിനെയുും കൊണ്ട്  അന്വേഷണ സംഘം തെളി വെടുപ്പിനായി ബംഗളുരുവിലേക്ക് പോയിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം റഷീദ് കാമുകി ശാശ്വതിയുമായി പോയത് ആദ്യം തമിഴ്‌നാട്ടിലേക്കാണ്. തുടര്‍ന്ന് റഷീദ് ബംഗളൂ രുവിലേക്ക് കടക്കുകയായിരുന്നു.

റഷീദ് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം ബംഗളുരു കന്റോണ്‍മെന്റ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് കോമ്പൗണ്ടില്‍ നിന്നു കണ്ടെടുത്തു. ബംഗളുരു പോലീസിന്റെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്. സതീ ശനെ വധിക്കാന്‍ ഉപയോഗിച്ച സ്റ്റിക്ക് വാഹനത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റഷീദിനെ ബാംഗളൂരുവിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകത്തിന് ഉപയോഗിച്ച സ്റ്റിക്ക് പോലീസ് കണ്ടെടുത്തത്. കൊടൈക്കനാലില്‍ നിന്നു റഷീദ് ഒളിവില്‍ പോകാനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി ഒളിവില്‍ കഴിഞ്ഞ ലോഡ്ജിലും പോലീസ് തെളിവെടുപ്പ് നടത്തി. വെസ്റ്റ് സി.ഐ വി.കെ.രാജുവിന്റെ നേതൃത്വ ത്തിലാണ് അന്വേഷണം. ലോഡ്ജില്‍ റഷീദ് തിരിച്ചറിയല്‍ കാര്‍ഡിന്റെ രേഖകള്‍ ഹാജരാക്കിയിരുന്നു. ലോഡ്ജിലെ ജീവനക്കാരും റഷീദിനെ തിരിച്ചറിഞ്ഞു.  കൊടൈക്കനാല്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിലും തെളിവെടുപ്പിനായി റഷീദിനെ കൊണ്ടുപോകും. ഈ മാസം ആറുവരെയാണ് റഷീദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

അതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രിസണേഴ്‌സ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന  കേസിലെ പ്രതിയും കെപിസിസി മുന്‍ സെക്രട്ടറിയുമായ എം.ആര്‍.രാമദാസിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിമാന്‍ഡു ചെയ്ത കോടതി ഉത്തരവ് കേട്ട് കോടതി മുറിയില്‍ കുഴഞ്ഞുവീണ രാമദാസ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
രാമദാസിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യം മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കും. കൊലപാതക സമയത്ത് രാമദാസ് ഫഌറ്റിലുണ്ടായിരുന്നതായി റഷീദിന്റെയും മറ്റു കൂട്ടുപ്രതികളുടേയും മൊഴികളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കേസില്‍ രാമദാസിന്റെ പങ്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ചോദ്യം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts