മനയത്തിനെ വെട്ടിമാറ്റി വീരന്‍: മുന്നണിമാറ്റത്തിന്റെ സാധ്യത മങ്ങിയിട്ടില്ലെന്ന് ജെഡിയു

kkd-veeranകോഴിക്കോട്: തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് സീറ്റിലും പരാജയപ്പെട്ട ജെഡിയു മുഖം രക്ഷിക്കാനായി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ ബലിയാടാക്കിയപ്പോള്‍ എല്‍ഡിഎഫ് പ്രവേശനത്തിനുള്ള സാധ്യത കൂടി ജെഡിയു ഉറപ്പിക്കുകയാണ്. മുന്നണി മാറാന്‍ വിലങ്ങുതടിയായി നിന്ന കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ വെട്ടിമാറ്റിയ വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് പ്രവേശന സാധ്യത അസ്തമിച്ചിട്ടിലെന്ന സന്ദേശം കൂടിയാണ് നല്‍കുന്നതെന്ന് ജില്ലാ നേതാക്കള്‍ പറയുന്നു.

സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ ചാലപ്പുറത്തെ വീട്ടില്‍ ഇന്നലെ നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന മനയത്ത് ചന്ദ്രനെ മാറ്റി ചുമതല വി. കുഞ്ഞാലിക്ക് നല്‍കാന്‍ തുരുമാനമായത്. ഇതോടെ പാര്‍ട്ടി വീണ്ടും എല്‍ഡിഎഫിലേക്ക് തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഭൂരഭാഗം നേതാക്കളും. 2006ല്‍ യൂഡിഎഫില്‍ പോയ കാലം മുതല്‍ തങ്ങള്‍ നേരിടുന്ന അവഗണനയെക്കുറിച്ച് കോഴിക്കോട്, കണ്ണൂര്‍ ജില്ല ഒഴികെ എല്ലാ ജില്ലാ കൗണ്‍സിലും നിരന്തരം പരാതി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് മുന്നണിമാറ്റത്തിന് വേണ്ട എല്ലാ സാഹചര്യം ഉണ്ടായിരുന്നിട്ടും യുഡിഎഫില്‍ തന്നെ പാര്‍ട്ടിയെ തുടരാന്‍ പ്രേരിപ്പിച്ചത് മുന്‍ മന്ത്രി കെ.പി. മോഹനന്റെയും മനയത്ത് ചന്ദ്രന്റെയും സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു.

മുന്നണി മാറ്റം വേണമെന്ന് നേരത്തേ നടന്ന സംസ്ഥാന നേതൃയോഗത്തില്‍ പല തവണ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ മുന്നണിവിടാന്‍ തയാറല്ലെന്ന നിലപാടായിരുന്നു കെ.പി. മോഹനനും മനയത്ത് ചന്ദ്രനും സ്വീകരിച്ചിരുന്നത്. മുന്നണിമാറ്റമുണ്ടായാല്‍ പാര്‍ട്ടി പിളരുമെന്ന ഘട്ടം വന്നപ്പോഴാണ് യുഡിഎഫില്‍ തുടരാമെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത്. അതോടൊപ്പം സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ എത്തി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതും പാര്‍ട്ടിയെ യുഡിഎഫില്‍ തുടരാന്‍ പ്രേരിപ്പിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണയും കോണ്‍ഗ്രസ് കാലുവാരിയെന്ന് പാര്‍ട്ടി കണ്ടെത്തിയതോടെ മുന്നണി മാറ്റത്തെ എതിര്‍ത്തവരെ പ്രതികൂട്ടില്‍ നിര്‍ത്തിയാണ് പാര്‍ട്ടി മുഖം രക്ഷിച്ചത്. മുന്നണി മാറിയിരുന്നെങ്കില്‍ രണ്ട് സീറ്റെങ്കിലും ലഭിക്കുമായുരുന്നുവെന്നാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ മിക്ക നേതാക്കളും അവകാശപ്പെട്ടത്. എല്‍ഡിഎഫിലേക്ക് ചേക്കാറാന്‍ വിസമ്മതിച്ച നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ രംഗത്തെത്തിയിരുന്നു.

Related posts