സിജോ പൈനാടത്ത്
കൊച്ചി: പങ്കുവയ്ക്കലിന്റെ മഹത്വം തിരിച്ചറിഞ്ഞവരുടെ ഗണത്തിലേക്കു ജോസഫേട്ടന് എന്ന ഒ.സി. ജോസഫും. മണ്ണിലെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച സ്വന്തം ഭൂമി നിര്‍ധനരായ എട്ടുപേര്‍ക്കു കിടപ്പാടമൊരുക്കാന്‍ പകുത്തു നല്‍കിയാണ് ഈ കൃഷിക്കാരന് നന്മയുടെ സന്ദേശമാകുന്നത്. പെരുമ്പാവൂര്‍ കൊമ്പനാട് ക്രാരിയേലി ഊരോത്ത് വീട്ടില്‍ ജോസഫേട്ടന് കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച 38 സെന്റ് സ്ഥലമാണ് ഭൂരഹിതരായ എട്ടുപേര്‍ക്കായി വീതിച്ചു നല്‍കിയത്. ജാതിയുടെയും മതത്തിന്റെയും അതിര്വരമ്പുകള്ക്കപ്പുറത്തേക്കാണു ജോസഫേട്ടന്റെ ഹൃദയവിശാലതയുടെ സഹായഹസ്തം നീണ്ടത്.
ജന്മനാടായ കിഴക്കമ്പലത്തുനിന്നും ആറുവര്ഷങ്ങള്ക്കുമുമ്പാണു ജോസഫേട്ടന് ക്രാരിയേലിയില്‍ താമസമാരംഭിച്ചത്. മണ്ണിലെ കഠിനാധ്വാനവും ദൈവാനുഗ്രഹവും സമന്വയിച്ചപ്പോള്‍ 3.80 ഏക്കര്‍ സ്ഥലം സ്വന്തമാക്കാനായെന്നു ജോസഫേട്ടന് തന്നെ പറയുന്നു. ഈ സ്ഥലത്തില്‍ നിന്നാണു 38 സെന്റ് ഭൂരഹിതരായ വ്യത്യസ്ത മതങ്ങളിലെ എട്ടുപേര്‍ക്കായി ഇദ്ദേഹം വീതിച്ചു നല്‍കിയത്. ഭൂമിയില്ലാത്തതിനാല്‍ വീട് എന്ന സ്വപ്നം സഫലമാക്കാന്‍ സാധിക്കാത്തവരെ തേടിയാണു ജോസഫേട്ടന്റെ കാരുണ്യത്തിന്റെ കരങ്ങളെത്തിയത്. കോതമംഗലം രൂപതയിലെ കുത്തുങ്കല്‍ സെന്റ് ജോര്‍ജ് ഇടവകാംഗമായ ജോസഫേട്ടന്റെ പങ്കുവയ്ക്കലിന്റെ മഹിമയെ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തില്‍കണ്ടത്തില്‍ ആദരിച്ചു.
കരുണയുടെ വര്‍ഷത്തില്‍ ഉദാത്തമായ മാതൃകയാണു ജോസഫേട്ടന്റേതെന്ന് അദ്ദേഹം പറഞ്ഞു. എട്ടു പേര്‍ക്കായി നല്കിയ സ്ഥലത്തു വീടുനിര്‍മാണത്തിനും സുമനസുകളുടെ സഹായമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു ഇടവക വികാരി ഫാ.ആന്റണി പുലിമലയില്‍ പറഞ്ഞു. കിഴക്കമ്പലത്തെ ആകാശപ്പറവകള്‍ എന്ന സന്നദ്ധ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലും അറുപത്തിയഞ്ചുകാരനായ ജോസഫേട്ടന് സജീവമാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുംബത്തിന്റെ സജീവ പിന്തുണ ജോസഫേട്ടന്റെ കാരുണ്യവഴികളിലുണ്ട്.