കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടിപ്പാതയുടെ (സബ്‌വേ) നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ഒന്നാം പ്ലാറ്റ്‌ഫോമിനു സമീപം ഇരുചക്രവാഹന പാര്‍ക്കിംഗ് ഉണ്ടായിരുന്ന ഭാഗത്തുനിന്നാണ് അടിപ്പാതയുടെ തുടക്കം. ഭൂമിക്കടിയിലൂടെ രണ്ടാംപ്ലാറ്റ്‌ഫോം വരെയുള്ള ടണലിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റിന്റെ കൂറ്റന്‍ ചതുരസ്ലാബുകള്‍ ഓരോന്നായി ഘടിപ്പിച്ചാണു നിര്‍മാണം. ഈ ഭാഗത്തെ പാളം മുറിക്കേണ്ടിവന്നതിനാല്‍ നിര്‍മാണസമയത്തു ട്രെയിനുകളുടെ യാത്ര ക്രമീകരിച്ചിരുന്നു. താത്കാലികമായുണ്ടാക്കിയ പാളത്തിലൂടെയാണു നിലവില്‍ ട്രെയിനുകള്‍ കടത്തിവിടുന്നത്.
ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ റെയില്‍വേ എന്‍ജിനിയറിംഗ് വിഭാഗത്തിനാണു സബ്‌വേയുടെ നിര്‍മാണ ചുമതല. മഴയ്ക്കുമുമ്പെ അടിപ്പാതയുടെ പ്രധാന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ നിര്‍മിക്കുന്ന അടിപ്പാതയിലൂടെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാര്‍ക്ക് സുഗമമായി എത്താനാകും. രണ്ടാം ടിക്കറ്റ് കൗണ്ടറുള്ള കിഴക്കെ കവാടം വരെ അടിപ്പാത നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിര്‍ദിഷ്ട നാലാം പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണത്തെക്കുറിച്ചു തീരുമാനമുണ്ടായതിനുശേഷമേ ഇതേക്കുറിച്ച് ആലോചിക്കൂ.
അടിപ്പാത നിര്‍മാണത്തെ തുടര്‍ന്നു പടിഞ്ഞാറുഭാഗത്തുള്ള ഇരുചക്രവാഹന പാര്‍ക്കിംഗ് മറ്റൊരു ഭാഗത്തേക്കു മാറ്റിയിട്ടുണ്ട്. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകള്‍ നവീകരിച്ചു കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും രണ്ടാം പ്രവേശന കവാടത്തിലേക്ക് വാഹനങ്ങള്‍ കടന്നുവരുന്ന ഭാഗത്തു ടൈല്‍സ് ഇടുന്നതിനുമായി രണ്ടു കോടി രൂപ അനുവദിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കണമെന്നു കാണിച്ചു പി.കെ. ശ്രീമതി എംപി റെയില്‍വേ മന്ത്രിക്കു നേരത്തെ നേരിട്ടു നിവേദനം നല്‍കിയിരുന്നു.