അഞ്ചല്‍: പഴയ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ കാടുകയറി നശിക്കുമ്പോഴും പ്രയോജനപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ല. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് എതിര്‍വശത്തായി ചന്തയിലേക്കുള്ള പ്രവേശനപാതയുടെ വലതുവശത്തുള്ള രണ്ട് കോണ്‍ക്രീറ്റ് കെട്ടിടമാണ് കാടുമൂടി കിടക്കുന്നത്. വര്‍ഷങ്ങളായി സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടിയിരുന്ന അഞ്ചല്‍ പോലീസ് സ്റ്റേഷന് കഴിഞ്ഞവര്‍ഷം ജനുവരി 14ന് കാളച്ചന്തയ്ക്ക് സമീപമുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പഞ്ചായത്തിന് വിട്ടുനല്‍കിയ പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ നാളിതുവരെയായി ഷോപ്പിംഗ് കോംപ്ലക്സ് എന്ന ആശയത്തിന്റെ പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് ഭരണസമിയിക്ക് കഴിഞ്ഞിട്ടില്ല.
കോടികളുടെ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ ഷോപ്പിംഗ് ക്ലോപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയുള്ളൂ. ഈ അവസരത്തില്‍ ഷോപ്പിംഗ് കോംപ്ലക്സ് എന്ന ആശയം സാക്ഷാത്കരിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്.,2009ല്‍ ആരംഭിച്ച പോലീസ് സ്റ്റേഷന് സമുച്ചയ നിര്‍മാണത്തിന്റെ പണി 2015ലാണ് പൂര്‍ത്തീകരിച്ചത്.പനയഞ്ചേരിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫീസിന്റെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റിയാല്‍ അത് എക്സൈസിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന പൊതുജനാഭിപ്രായവും പഞ്ചായത്ത് ഭരണസമിതിയോ അധികൃതരോ ചെവികൊണ്ടിട്ടില്ലെന്നതും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മിക്കപ്പോഴും എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നുള്ള പ്രത്യേക സ്കോഡാണ് അഞ്ചലിലെത്തി കഞ്ചാവ് മാഫിയയേയും വാറ്റുചാരായം, ലഹരിപദാര്‍ഥങ്ങള്‍ എന്നിവ വില്പന നടത്തുന്നവരേയും പിടികൂടി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന ആക്ഷേപവും അഞ്ചല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലനില്ക്കുന്നു. ഇതിനാലാണ് എക്സൈസ് ഓഫീസിന്റെ പ്രവര്‍ത്തനം ജനത്തിരക്കേറിയ ചന്തമുക്കിലെ പോലീസ് സ്റ്റേഷന്റെ പഴയകെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയരുന്നത്.
കൂടാതെ സബ് ട്രഷറി, കെഎസ്ഇബി ഓഫീസുകള്‍, ഹോമിയോ ഡിസ്പെന്‍സറി എന്നിവയെല്ലാം വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചല്‍ ചന്തയിലേക്കുള്ള പ്രവേശന കവാടമായ ഇവിടെ ഇപ്പോള്‍ കച്ചവടക്കാരുടേയും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടേയും താവളമായി മാറിയിരിക്കുകയാണ്.2009ലെ ഗവണ്മെന്റ് ഉത്തരവുപ്രകാരമാണ് അഞ്ചല്‍ ഗ്രാമപഞ്ചായത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് ഒരേക്കര്‍ ഭൂമി ആഭ്യന്തര വകുപ്പിന് വിട്ടുനല്‍കാമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നത്.
ഈ സ്ഥലത്തിന് പകരമായി അഞ്ചല്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന 20 സെന്റ് സ്ഥലം കെട്ടിടം ഉള്‍പ്പെടെ ഗ്രാമപഞ്ചായത്തിന് കൈമാറാന്‍ ആഭ്യന്തരവകുപ്പും തയ്യാറാവുകയായിരുന്നു.പോലീസ് സ്റ്റേഷന്റെ കെട്ടിട നിര്‍മാണത്തിനായി ആദ്യം ഒരേക്കര്‍ വിട്ടുനല്‍കാന്‍ തയ്യാറായ പഞ്ചായത്ത് അധികൃതര്‍ പിന്നീട് അത് 60 സെന്റാക്കി ചുരുക്കി. സ്ഥലത്തിന്റെ കാര്യത്തില്‍ ആഭ്യന്തരവകുപ്പും പഞ്ചായത്തും തമ്മില്‍ വ്യക്തമായ ധാരണയിലെത്താതിരുന്നതാണ് പോലീസ് സ്റ്റേഷന് വേണ്ടിയുള്ള കെട്ടിട നിര്‍മാണം അനന്തമായി വൈകാന്‍ ഇടയാക്കിയത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലയളവില്‍ പഴയ പോലീസ് സ്റ്റേഷന് കെട്ടിടങ്ങള്‍ ആയൂര്‍വേദ ഡിസ്പെന്‍സറിയ്ക്കായി വിട്ടുനല്‍കുന്നതിനുള്ള നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. കെട്ടിടകൈമാറ്റം ഫണ്ട് ചെലവഴിക്കാന്‍ പറ്റാത്ത പദ്ധതിയായതിനാല്‍ പഞ്ചായത്ത് ഭരണസമിതിയ്ക്ക് താല്പര്യമില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്. കാടുമൂടി നശിക്കുന്ന കെട്ടിടങ്ങള്‍ മറ്റ് വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിട്ടുനല്‍കി പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.