അന്തിക്കാട് ബൈക്കിലെത്തി മാലപൊട്ടിക്കല്‍ തുടരുന്നു; സൂചനയിലൊതുങ്ങി പോലീസ്

tvm-bikemalapariപഴുവില്‍: അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴാംതവണയും മാലപൊട്ടിക്കല്‍. വീട്ടുജോലിക്ക് പോയിരുന്ന പുളിപ്പമ്പില്‍ സുഭദ്രയുടെ കഴുത്തില്‍ ധരിച്ചിരുന്ന  രണ്ടരപവന്‍ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വലിച്ച്  പൊട്ടിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ പഴുവില്‍ ആമത്തോട് പരിസരത്തുവച്ചാണ് സംഭവം. ബൈക്കിലെത്തിയവര്‍ തൃപ്രയാര്‍ ക്ഷേത്രത്തിലേക്കുള്ള വഴി ഏതെന്ന് ചോദിച്ച് വന്നാണ് സുഭദ്രയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.

വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് കരയിലും പുഴയിലും തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടിക്കൂടാനായില്ല. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു.    കഴിഞ്ഞ എട്ടിന് തൃപ്രയാര്‍ ക്ഷേത്രത്തിലേക്കുള്ള വഴിചോദിച്ച് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കണ്ടശാംകടവ് മാമ്പുള്ളി ക്ഷേത്രത്തിനടുത്തുവച്ച് വൃദ്ധയുടെ രണ്ടരപവന്‍ മാല കവര്‍ന്നിരുന്നു. മാമ്പുള്ളിയിലെ കോരത്ത് ഗോപാലന്‍ ഭാര്യ ശ്രീമതി (86)യുടെ മാലയാണ് കവര്‍ന്നത്. ശ്രീമതിയുടെ കൈപിടിച്ച് തിരിച്ചാണ് മാല കവര്‍ന്നത്. ബൈക്കിലെത്തിയ മോഷ്ടാക്കളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചും പുറകിലിരുന്നയാള്‍ ടവല്‍കൊണ്ട് മുഖംമറിച്ചിരുന്നതായും ദേവകി പോലീസിനോടു പറഞ്ഞത്.

അരിമ്പൂര്‍ കുണ്ടലക്കടവ് റോഡില്‍വച്ച് ജോലി കഴിഞ്ഞ് വന്നിരുന്ന വീട്ടമ്മയുടെ ഒന്നരപവന്‍ സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. അരിമ്പൂര്‍ മൃഗാശുപത്രി സബ് സെന്റര്‍ റോഡിലും പഴയ ഉഷാമാച്ചിന് പിന്‍വശത്തെ റോഡിലും ജോലി കഴിഞ്ഞ് പോയിരുന്ന മറ്റൊരു വീട്ടമ്മയുടെ  മാല പൊട്ടിക്കാന്‍ മോഷ്ടാക്കള്‍ ബൈക്കിലെത്തിയത് രണ്ടുതവണയായിരുന്നു. ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് വീട്ടമ്മയുടെ കഴുത്തില്‍ മാന്തി പരിക്കേല്‍പിച്ചിരുന്നു.അന്തിക്കാട്, വന്നേരംമുക്ക്, പടിയം എന്നിവിടങ്ങളിലെ മൂന്ന് വീടുകളില്‍ ബൈക്കില്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി മൂന്ന് വൃദ്ധകളുടെ സ്വര്‍ണമാല കവര്‍ന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

Related posts