കോട്ടയം: അശ്വതി വധക്കേസില്‍ പ്രതി യൂസഫ് ഖാദറിനെ ഒരാഴ്ച പോലീസ് കസ്റ്റഡിയില്‍ കിട്ടുന്നതിനുള്ള അപേക്ഷ കോടതിയില്‍ നല്കി. ഇന്നു കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്നു തന്നെ തെളിവെടുപ്പ് ആരംഭിക്കും. ഇന്നു വൈകിയാണ് പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതെങ്കില്‍ തെളിവെടുപ്പ് നാളെയേ ആരംഭിക്കുകയുള്ളുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതിയും അശ്വതിയും പോയ സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പിനായി കൊണ്ടുപോകും. അശ്വതിയെ എറണാകുളം അടക്കം മൂന്നിടത്ത് പ്രതി താമസിപ്പിച്ചിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്.
ഇവിടങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി യൂസഫ് ഖാദര്‍ തന്നെയാണോ അശ്വതിയെ പലയിടത്തും ഒളിവില്‍ താമസിപ്പിച്ചതെന്ന് തിരിച്ചറിയുന്നതിനാണ് തെളിവെടുപ്പ് നടത്തുന്നത്. ഇത് കേസിലെ പ്രധാന തെളിവുകളില്‍ ഒന്നാണ്. അശ്വതിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത് ഇന്നലെ കണ്ടെടുത്തു. നാഗമ്പടം എലിപ്പുലിക്കാട്ട് മേലേട്ട്പടി പാടശേഖരത്തിലെ കുറ്റിക്കാട്ടിലാണ് സാധനങ്ങള്‍ ഉപേക്ഷിച്ചത്. പ്രതിയെ സ്ഥലത്തു കൊണ്ടുവന്ന് ഉപേക്ഷിച്ച സാധനങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
ഇക്കൂട്ടത്തില്‍ അശ്വതിക്ക് പ്രതി നല്കിയ താലിമാലയും ഉള്‍പ്പെടും. അശ്വതിയുടെ മരുന്നുകള്‍ , മൊബൈല്‍ഫോണ്‍, സോപ്പ്, ആഭരണങ്ങള്‍ ഇവയെല്ലാമാണ് ഉപേക്ഷിച്ചത്. യൂസഫ് ഖാദര്‍ ജോലി ചെയ്തിരുന്ന സര്‍ജിക്കല്‍ കടയുടെ ഉടമയുടെ വീ്ട് ഈ ഭാഗത്താണ്. ഇടയ്ക്ക് ഇവിടെ വരാറുള്ള യൂസഫ് ഖാദര്‍ നേരത്തേ തന്നെ കുറ്റിക്കാട് നോക്കി വച്ചിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട അമ്മഞ്ചേരി കുന്നകുളം നെരിപ്പുകാലായില് വിശ്വനാഥന്റെ മകള്‍ അശ്വതി(20) യുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12.30നു ഏറ്റുമാനൂര്‍ സിഐ പി.ജെ. മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബന്ധുക്കള്‍ക്കു കൈമാറി. തുടര്‍ന്ന് ഉച്ചകഴിഞ്ഞു ഒന്നോടെ വീട്ടിലെത്തിച്ച മൃതദേഹം ചടങ്ങുകള്‍ക്കുശേഷം തെള്ളകത്തെ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു. കെ. സുരേഷ് കുറുപ്പ് എംഎല്‍എ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പ്രതി ബഷീറിനെ ഇന്നലെ വൈക്കം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.