തൃശൂര്‍: ഗോത്രാചാരപ്രകാരം വിവാഹം കഴിക്കുന്ന ആദിവാസിയുവാക്കളെ പോക്‌സോ നിയമപ്രകാരം ജയിലിലാക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിനു മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്. വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ അടിയന്തര വിശദീകരണം നല്‍കാന്‍ വയനാട് പോലീസ് മേധാവിയോടും കമ്മിഷന്‍ ജുഡീഷല്‍ അംഗം പി.മോഹന്‍ദാസ് നിര്‍ദേശിച്ചു. തൃശൂര്‍ സ്വദേശി അഡ്വ.ഹരിദാസ് എറവക്കാടിന്റെ പൊതുതാല്‍പര്യഹര്‍ജിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി.
ഒന്നിലേറെ വകുപ്പുകളുള്‍പ്പെടുന്നതിനാല്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയോടാണ് കമ്മിഷന്‍ വിശദീകരണം തേടിയത്. വിവാഹം കഴിക്കാന്‍ പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസും തികയണമെന്ന നിയമം, പരിഷ്കൃത സമൂഹത്തിന് അറിയുന്നതുപോലെ ആദിവാസികള്‍ക്ക് അറിയില്ല. രാജ്യത്തെ പല നിയമങ്ങളും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താത്ത ആദിവാസി സമൂഹത്തിന് അന്യമാണെന്നു ഹര്‍ജിയില്‍ വ്യക്തമാക്കി. വയനാട് ജില്ലയില്‍മാത്രം ഇരുപതോളം ആദിവാസി യുവാക്കള്‍ തടങ്കലിലുണ്ടെന്നും ഇവരുടെ മോചനത്തിനുള്ള അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി.