ആഭരണങ്ങള്‍ വെളുപ്പിക്കുന്ന തട്ടിപ്പുസംഘം വിലസുന്നു

alp-chainഎടത്വ: പഴകിയ പാത്രങ്ങളും സ്വര്‍ണാഭരണങ്ങളും വെളുപ്പിച്ചു നല്‍കാമെന്ന പേരില്‍ വീട്ടമ്മമാരെ കബളിപ്പിക്കുന്ന സംഘം വിലസുന്നു. കബളിക്കപ്പെട്ടവര്‍ മാനക്കേടു ഭയന്ന് പരാതി നല്‍കാത്തതിനാല്‍ പോലീസിനും നടപടിയെടുക്കാനാവുന്നില്ല. അപ്പര്‍ കുട്ടനാട് ഉള്‍പ്പടെ ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളിലാണ് വീട്ടമ്മമാരെ കബളിപ്പിക്കുന്ന തട്ടിപ്പുസംഘം വിലസുന്നത്.

ഹീറ്ററുമായി എത്തുന്ന സംഘം തിളപ്പിച്ച വെള്ളത്തില്‍ അക്വാറേജിയ ലായനി തളിച്ചശേഷം സ്വര്‍ണാഭരണം മുക്കുന്നതോടെ നിമിഷങ്ങള്‍ക്കകം ആഭരണങ്ങള്‍ വെട്ടിത്തിളങ്ങുന്നു. സ്വര്‍ണം മുക്കിയെടുത്ത ലായനി മറ്റൊരു കുപ്പിയിലാക്കി ഇവര്‍ കൊണ്ടുപോകും. പിന്നീട് സ്വര്‍ണം തുക്കിനോക്കുമ്പോഴാണ് തൂക്കം കുറഞ്ഞെന്ന വിവരം അറിയുന്നത്.

കഴിഞ്ഞദിവസം ഹരിപ്പാട് സ്വദേശിനി വെളുപ്പിച്ചെടുത്ത സ്വര്‍ണം പണയം വെയ്ക്കാനായി ചെന്നതാണ് സംഭവം പുറത്തറിയാന്‍ കാരണം. സ്വര്‍ണം വെളുപ്പിച്ച നിരവധി വീട്ടമ്മമാര്‍ക്കാണ് അബദ്ധം പിണഞ്ഞത്. ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനു പിന്നില്‍. സ്വര്‍ണം ഉള്‍പ്പടെയുള്ള ലോഹങ്ങള്‍ വെളുപ്പിച്ചെടുക്കുന്ന പൊടിയുടെ പ്രചാരണാര്‍ഥം സൗജന്യമായാണ് ആഭരണങ്ങള്‍ വെളുപ്പിച്ചു നല്‍കുന്നതെന്നാണ് വീട്ടമ്മമാരോടു പറയുന്നത്.

Related posts