ആലപ്പുഴ: നഗരത്തില്‍ പുതുതായി നടപ്പാക്കുന്ന ഗതാഗത പരിഷ്ക്കാരം ഇന്നുമുതല്‍ നിലവില്‍ വരും. നഗരത്തിലെ പല ബസ് സ്റ്റോപ്പുകളും നിലവിലെ സ്ഥലങ്ങളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ബോട്ട് ജെട്ടിക്കു സമീപത്തെ പോലീസ് ഔട്ട് പോസ്റ്റിന് സമീപത്തെ സ്റ്റോപ്പും, പഴവങ്ങാടിയിലെ സ്റ്റോപ്പും ഒന്നാക്കി മാതൃഭൂമിയുടെ മുന്നിലാകും ബസുകള്‍ നിര്‍ത്തുക. മണ്ണഞ്ചേരി റൂട്ടിലെ സ്വകാര്യ ബസുകള്‍ എസ്ഡിവി ഗ്രൗണ്ടിന് പടിഞ്ഞാറുഭാഗത്തായിരിക്കും സ്റ്റോപ്പ്. കോടതി പാലത്തിന് സമീപം ബസുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ല.
കലവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപവും ഇരട്ടക്കുളങ്ങര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിന് സമീപവുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇരുമ്പുപാലത്തിന് വടക്കുവശമുള്ള ബസ് സ്റ്റോപ്പും മുന്നോട്ടുനീക്കും. തെക്കുഭാഗത്തുനിന്നും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വഴി കിഴക്കോട്ട് തിരഞ്ഞ് കല്ലുപാലം ചുങ്കപ്പാലം വഴി കിഴക്കോട്ട് ഫയര്‍സ്‌റ്റേഷന് മുന്നിലൂടെ സ്റ്റാന്‍ഡിലേക്ക് പോകണം.
മുല്ലയ്ക്കല്‍ ഗണപതി അമ്പലം മുതല്‍ സീറോ ജംഗ്ഷന്‍ വരെ നാലുചക്ര വാഹനങ്ങള്‍ക്ക് വണ്‍വേയാക്കി. ദേശീയപാതയില്‍ വടക്കുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ശവക്കോട്ടപാലം കയറാതെ മട്ടാഞ്ചേരി വഴിച്ചേരി പാലം വഴി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലൂടെ സ്റ്റാന്‍ഡിലെത്താനാണ് ഗതാഗത പരിഷ്ക്കാരത്തില്‍ നിര്‍ദേശമുള്ളത്. അതേസമയം പുതിയ പരിഷ്ക്കാരത്തില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗതം തിരിച്ചുവിട്ടപ്പോഴാണ് ന്യൂനതകള്‍ കണ്ടെത്തിയത്. ഇവയെക്കുറിച്ച് പഠിക്കാന്‍ നോര്‍ത്ത്, സൗത്ത് സിഐമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.