ആളൊരുങ്ങി… അരങ്ങൊരുങ്ങി… കോട്ടയത്തും ഇനി പ്രചാരണാഘോഷം

ktm-partysimpolകോട്ടയം: കത്തുന്ന വെയിലിനൊപ്പം കോട്ടയത്തും പ്രചാരണചൂടേറി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളിലും എല്‍ഡിഎഫ് പ്രചാരണം തുടങ്ങികഴിഞ്ഞു. യുഡിഎഫ് ആകട്ടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു കാത്തിരിക്കുകയാണ്. ചില മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ പ്രചാരണ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.

മുഖ്യമന്ത്രിയെ കാത്ത് പുതുപ്പള്ളി വിദ്യാര്‍ഥി സ്ക്വാഡുമായി ജെയ്ക്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് പരസ്യ പ്രചാരണം തുടങ്ങി കഴിഞ്ഞു. മണ്ഡലത്തിലെ പ്രമുഖരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങിയ ജെയ്ക്ക് വോട്ടര്‍മാരെ നേരിട്ടു കാണുന്നതിലും കുടുംബയോഗങ്ങളിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതുപ്പള്ളി ടൗണ്‍, അയര്‍ക്കുന്നം പ്രദേശങ്ങളിലെത്തി ആദ്യഘട്ട പ്രചരണത്തിനു തുടക്കംകുറിച്ചു. എസ്എഫ്‌ഐയുടെ സ്ക്വാഡുകളും ജെയ്ക്കിനു വേണ്ടി അടുത്തദിവസം രംഗത്തിറങ്ങും അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സീറ്റു തര്‍ക്കങ്ങളും മുന്നണിയില്‍ ഘടകക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. അദേഹം തിരികെയെത്തി വേണം പ്രചാരണ പരിപാടികള്‍ ആരംഭിക്കാന്‍. അദ്ദേഹം വരുന്നതും കാത്തിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ അതേസമയം മണ്ഡലത്തിലുടനീളം ഉമ്മന്‍ചാണ്ടിയ്ക്കുവേണ്ടിയുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും നിറഞ്ഞു കഴിഞ്ഞു. ബൂത്തുകമ്മിറ്റികളും യോഗം ചേര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

വിജയമുറപ്പിച്ച് തിരുവഞ്ചൂര്‍തിരിച്ചു പിടിക്കാന്‍ സിപിഎം
എല്‍ഡിഎഫും ബിജെപിയും പ്രചാരണം തുടങ്ങിയ കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി എത്തിയിട്ടില്ല. എങ്കിലും അദ്ദേഹം മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കുടുംബയോഗങ്ങളില്‍ പങ്കെടുത്താണ് തിരുവഞ്ചൂര്‍ പ്രചാരണരംഗത്ത് സജീവമായിരിക്കുന്നത്.എല്‍ഡിഎഫ് സ്ഥാനാര്‍ഥി റെജി സക്കറിയ വോട്ടര്‍മാരെ നേരില്‍കണ്ടു വോട്ട് അഭ്യര്‍ഥന ആരംഭിച്ചു. ചിങ്ങവനം, കോട്ടയം ടൗണ്‍ എന്നിവിടങ്ങളിലെ  പ്രവര്‍ത്തകരോടൊപ്പം വ്യാപാര സ്ഥാപനങ്ങളും മറ്റു കയറിയിറങ്ങി.  ഫെയ്‌സ് ബുക്കിലും റെജി സഖറിയ സജീവമാണ്. ബിജെപി സ്ഥാനാര്‍ഥി  എം.എസ്. കരുണാകരനും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അദേഹത്തിന്റെ ചുവരെഴുത്തുകളും ബോര്‍ഡുകളും മണ്ഡലത്തിലുട നീളം നിരന്നു കഴിഞ്ഞു.

എല്ലാ കണ്ണുകളും പൂഞ്ഞാറിലേക്ക്
സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണു പൂഞ്ഞാര്‍. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റവും ആദ്യം പ്രചരണം ആരംഭിച്ചു മണ്ഡല ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.സി. ജോര്‍ജാണ്.  അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോസഫും ഈരാറ്റുപേട്ടയിലെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതേസമയം പൂഞ്ഞാറിലെ യുഡിഎഫ് ക്യാമ്പ് ഇതുവരെ ഉണര്‍ന്നിട്ടില്ല. കോണ്‍ഗ്രസിനാണോ കേരള കോണ്‍ഗ്രസിനാണോ സീറ്റൊന്നു ഇതുവരെ തീരുമാനമായിട്ടില്ല. ബിഡിജെഎസ് സ്ഥനാര്‍ഥി എം.ആര്‍. ഉല്ലാസും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

റബറിന്റെ നാട്ടില്‍ പോരാട്ടത്തിനും വീറും വാശിയും
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ജയരാജ് എംഎല്‍എ ആദ്യഘട്ട പ്രചാരണം ആരംഭിച്ചു. മണ്ഡലമൊന്നാകെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയ ജയരാജ് സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ വോട്ടര്‍മാരെ നേരിട്ടു കാണുന്നതിനു പരിചയം പുതുക്കുന്നതിനുമാണു ഇപ്പോള്‍ സമയം ചെലവഴിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിപിഐയിലെ വി.ബി. ബിനുവും പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. പൊന്‍കുന്നത്ത് താമസമാക്കിയാണ് അദ്ദേഹം മണ്ഡലത്തില്‍ വാശിയേറിയ പോരാട്ടം നടത്താനൊരുങ്ങുന്നത്. ബിനുവിന്റെ  പോസ്റ്ററുകളും മണ്ഡത്തിലുടനീളം നിറഞ്ഞുകഴിഞ്ഞു. ബിജെപിയ്ക്കു നിര്‍ണായ സ്വാധീനമുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആരെന്നു തീരുമാനിക്കാത്തതിനാല്‍  ഇലക്്ഷന്‍ ക്യാമ്പ് ഉണര്‍ന്നിട്ടില്ല.  അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേരാണ് ഇവിടെ പരിഗണിക്കുന്നത്.

അഞ്ചുവിളക്കിന്റെ നാട്ടില്‍ ശക്തമായ പോരാട്ടം
ചങ്ങനാശേരിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും കുട്ടനാട് മുന്‍ എംഎല്‍എയുമായ ഡോ. കെ.സി. ജോസഫ് ആദ്യഘട്ട പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. വോട്ടര്‍മാരെ നേരില്‍ കാണുന്നതിനായുള്ള പര്യടനം ഇന്നലെ മുതല്‍ ആരംഭിച്ചു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ സി.എഫ്. തോമസ് തന്നെയാണു വീണ്ടും മത്സരിക്കുമെന്നു പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ജോബ് മൈക്കിളിന്റെ വിജയിപ്പിക്കണമെന്നുള്ള ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണനും മണ്ഡലത്തില്‍ ഓട്ട പ്രദക്ഷിണം നടത്തികഴിഞ്ഞു.

കുറുപ്പിനെ തളയ്ക്കാന്‍ യുഡിഎഫ് നിര്‍ണായക ശക്തിയായി ബിഡിജെഎസ്
ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ സുരേഷ് കുറുപ്പ് മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വന്‍ഷനുകളിലും കുടുംബയോഗങ്ങളിലുമാണ് പങ്കെടുക്കുന്നത്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അദേഹത്തിന്റെ പോസ്്റ്ററുകളും നിറഞ്ഞ കഴിഞ്ഞു.
ഈ നന്മ ഇനിയും നമുക്ക് സ്വന്തം എന്ന വാചകങ്ങളോടു കൂടിയ ഫഌക്‌സ് ബോര്‍ഡുകളാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രചാരണ പരിപാടികളൊന്നും ആരംഭിച്ചിട്ടില്ല. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിഡിജെഎസ് സംസ്ഥാന ട്രഷറാര്‍ എ.ജി. തങ്കപ്പനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തില്‍ ബിഡിജെഎസ് നിര്‍ണായക ശക്തിയാകുമെന്നാണു കരുതപ്പെടുന്നത്.

പാലായില്‍ മാണിമാര്‍
പാലായില്‍ കെ.എം. മാണി ഇതിനോടകം തന്നെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. മണ്ഡലത്തിലെ കുടുംബയോഗങ്ങളിലും ബൂത്ത്, ബ്ലോക്ക്, കമ്മിറ്റികളും അദേഹം പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ.എം. മാണി നടത്തിയ വികസന പ്രവര്‍ത്തനള്‍ അക്കമിട്ടു നിരത്തി കൂറ്റന്‍ ബോര്‍ഡുകളും നിരന്നു കഴിഞ്ഞു.  കഴിഞ്ഞ ദിവസമാണു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍സിപിയിലെ മാണി സി. കാപ്പനെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മാണി സി. കാപ്പന്റെയും പോസ്റ്ററുകളും കൂറ്റന്‍ കട്ടൗട്ടുകളും മണ്ഡലത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി പി.സി. തോമസ് മത്സരിക്കുമെന്നാണു സൂചനകള്‍. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം എത്താത്തതിനാല്‍ അദേഹത്തിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടില്ല.

കടുത്തുരുത്തിയില്‍ പ്രചാരണം ഊര്‍ജിതമായില്ല
കടുത്തുരുത്തിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഔദ്യോഗികമായി എത്തിയില്ലെങ്കിലും സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പരാമവധി വോട്ടര്‍മാരെ നേരിട്ടു കാണുകയാണു അദേഹം ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയര്‍മാന്‍ സ്കറിയ തോമസാണ്. ഇദേഹവും പ്രചാരണം തുടങ്ങി കഴിഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതു കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിലെ സ്റ്റീഫന്‍ ചാഴികാടനാണെന്നാണ് സൂചന.

വൈക്കം വീണ്ടും ചുവക്കുമോ
വൈക്കം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സി.കെ. ആശ ആദ്യഘട്ട തെരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. എല്‍ഡിഎഫ് ബൂത്തു കമ്മിറ്റികളില്‍ ആശ പങ്കെടുത്തുവരുകയാണ്. ആശയുടെ പോസ്റ്ററുകളും ഫഌക്‌സുകള്‍ മണ്ഡലത്തിലുനീളം നിറഞ്ഞു കഴിഞ്ഞു. വൈക്കത്തെ മത്സ്യ തൊഴിലാളികളെയും ഇടതുപക്ഷത്തിനു സ്വാധീനമുള്ള മേഖലകളിലുമുള്ള വോട്ടര്‍മാരെ നേരിട്ടു കാണുന്ന തിരക്കിലാണു ആശ ഇപ്പോള്‍. അതേസമയം വൈക്കത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.  മണ്ഡലത്തില്‍ നിര്‍ണായ ശക്തയായി കരുതപ്പെടുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥി എന്‍.കെ. നീലകണ്ഠനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വോട്ടര്‍മാരെ നേരിട്ടു കണ്ടാണു അദേഹം പ്രചാരത്തിനു തുടക്കമിട്ടത്.

Related posts