കൊല്ലം: ആവണീശ്വരം മന്ത്യദുരന്തകേസിലെ സാക്ഷിവിസ്താരം നാളെമുതല്‍ കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് ആഷിദ മുമ്പാകെ ആരംഭിക്കും. 2007 ഓഗസ്റ്റ് 28നാണ് മൂന്നുപേര്‍ മരിച്ച കേസിനാസ്പദമായ സംഭവം നടന്നത്. ആവണീശ്വരം റെയില്‍വേ സ്റ്റേഷനടുത്ത് കള്ളുഷാപ്പിന് സമീപം വിതരണം ചെയ്ത വ്യാജമദ്യം കുടിച്ച് തലവൂര്‍ സ്വദേശി സുധാകരന്‍ (37), വിളക്കുടി സ്വദേശി ജോര്‍ജുകുട്ടി (54), മുഹമ്മദ് ഷെരീഫ് (45) എന്നിവരാണ് മരിച്ചത്.
മറ്റ് 35ഓളംപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. ക്രൈംബ്രാഞ്ച് എസ്പി ടി.എഫ് സേവ്യറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം തയാറാക്കി കോടതിയില്‍ ഹാജരാക്കിയത്. ആവണീശ്വരം കള്ള് ഷാപ്പ് നടത്തിപ്പുകാരന്‍,ലൈസന്‍സി, ജീവനക്കാര്‍ മറ്റ് സഹായികള്‍ ഉള്‍പ്പടെ 15പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
വിചാരണ കാലയളവില്‍ മൂന്നുപ്രതികള്‍ മരിച്ചുപോയി. പോലീസ് കുറ്റപത്രത്തില്‍ 242 സാക്ഷികളും 272 രേഖകളും 98ഓളം തൊണ്ടിമുതലുകളും സമര്‍പ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ.കെ.ഗോപീഷ്കുമാര്‍, അഡ്വ.ജി.മോഹന്‍രാജ് എന്നിവര്‍ കോടതിയില്‍ ഹാജരാകും.