വൈക്കം: താലൂക്ക് ആശുപത്രിയിലെ കുളിമുറിയില്‍നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങള്‍ അപഹരിച്ച യുവാവിനെ പോലീസ് പിടികൂടി. തലയോലപ്പറമ്പ് സ്വദേശി മനോജി(34)നെയാണ് പിടികൂടിയത്. ആശുപത്രിയില്‍ അഡ്മിറ്റാണെന്നു പറഞ്ഞ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും അടുപ്പത്തിലാകുന്ന ഇയാള്‍ അസുഖബാധിതരായി കിടക്കുന്ന സ്ത്രീകളുടെ കാല്‍ തടവാനും ആശ്വാസവാക്കുകള്‍ പറഞ്ഞ് സാന്ത്വനിപ്പിക്കാനും തത്പരനായിരുന്നു.
സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്നത് നോക്കിനിന്ന് അവരുടെ വസ്ത്രങ്ങള്‍ എടുത്തുമാറ്റുന്നത് പതിവായതോടെ രോഗികളും കൂട്ടിരിപ്പുകാരും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോടതിക്കു സമീപത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുളിമുറിയില്‍ ഒളിച്ചിരുന്ന ഇയാളെ ഇതിനു മുന്‍പ് പോലീസ് പിടികൂടിയിരുന്നെങ്കിലും പരാതിയില്ലാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നുവെന്ന് എസ്‌ഐ സാഹില്‍ എം. പറഞ്ഞു.