ഉത്തരവ് കടലാസില്‍ത്തന്നെ: ആംഗന്‍വാടി ജീവനക്കാര്‍ക്കു ശമ്പളവര്‍ധനവില്ല

ktm-anganvadiമുണ്ടക്കയം: സംസ്ഥാനത്തെ ആംഗന്‍വാടികളില്‍ ജോലിയെടുക്കുന്ന ആയിരക്കണക്കിനു ജോലിക്കാര്‍ക്കു ഫെബ്രുവരി ഒന്നുമുതല്‍ ശമ്പളം വര്‍ധിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു മാസങ്ങള്‍ പിന്നിടുമ്പോഴും ഇത് യാഥാര്‍ഥ്യമായിട്ടില്ലന്ന വിഷമത്തിലാണ് ജീവനക്കാര്‍.ടീച്ചര്‍മാര്‍ക്ക് പതിനായിരവും ആയമാര്‍ക്ക് ഏഴായിരം രൂപയുമായി ശമ്പളം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇപ്പോള്‍ യഥാക്രമം 5600, 4100 രൂപയാണ് ലഭിച്ചു വരുന്നത്.

സര്‍ക്കാരിന്റെ ന്യൂ ഇയര്‍ സമ്മാനമായാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയഭംരണ സ്ഥാപനങ്ങളും ഒന്നിച്ചു ചേര്‍ന്നു ഫെബ്രുവരി ഒന്നുമുതല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനാവശ്യമായ തുക ഗ്രാമപഞ്ചായത്തുകള്‍ക്കു കൈമാറുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശമ്പള വര്‍ധനവു നടപ്പിലാക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ തയാറാവാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

പഞ്ചായത്ത്, സാമൂഹിക, ആരോഗ്യ വകുപ്പുകളെ സഹായിക്കുന്ന ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കാന്‍ പോലും ഇതുവരെയായി തയാറായിട്ടില്ല. അടുത്തിടെ ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച് എറണാകുളം കാക്കനാട്ട് ഓഫീസ് തുടങ്ങിയത് ജീവനക്കാര്‍ക്കു ഏറെ പ്രതീക്ഷയുണ്ടാക്കിയിരുന്നു. പഞ്ചായത്തിന്റെ ഗ്രാമസഭയടക്കമുളള പല ജോലികള്‍ക്കും കോഓര്‍ഡിനേറ്റര്‍മാരായി ഉപയോഗപ്പെടുത്തുന്നത് ആംഗന്‍വാടി ടീച്ചര്‍മാരെയാണ്.

ഇതിനു പ്രത്യേക പ്രതിഫലം നല്‍കാറില്ല. കൂടാതെ പഞ്ചായത്തുകള്‍ക്ക് ലഭിക്കേണ്ട നിരവധി വിവരങ്ങള്‍ക്കായി ഇവരെ ചുമതലപ്പെടുത്തുകയും ജോലി സമയത്തും അല്ലാത്തതുമായ സമയങ്ങളില്‍ സര്‍വെ നടത്തിക്കാറുമുണ്ട്. പോളിയോ നിര്‍മാര്‍ജന പദ്ധതി, ടിബിരോഗ ചികിത്സ പരിപാടി എന്നിവയടക്കം രോഗികളെ കണ്ടത്തേണ്ടതും അവര്‍ക്കാവശ്യമായ ചികിത്സാ സഹായം ഒരുക്കേണ്ടതും ഇവര്‍ തന്നെ. തന്റെ ആംഗന്‍വാടി പരിധിയിലെ ഗര്‍ഭിണികളെ കണെ്ടത്തി പ്രസവം നടക്കുന്നതു വരെയുളള പരിരക്ഷയില്‍ ഇവര്‍ക്കു വലിയ പങ്കാണ് ഉളളത്.

ശമ്പള വര്‍ധനവ് ഉടന്‍ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചു ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കാനും രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവന്‍ ആംഗന്‍വാടി ജീവനക്കാരും വോട്ടു ബഹിഷ്കരിക്കുന്നതടക്കമുളള കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യന്‍ നാഷണല്‍ ആംഗന്‍വാടി ഫെഡറേഷന്‍ മുണ്ടക്കയം അഡീഷണല്‍ സെന്റര്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് രാഗിണി അധ്യക്ഷത വഹിച്ച യോഗം ചെയര്‍മാന്‍ നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. ആമിനബീവി നാസര്‍, സിസിലിക്കുട്ടി ജേക്കബ്, കെ.എന്‍. റംലത്ത്, മോളി, മേരികുട്ടി, ലീലാമ്മ ടി.എം. ശോഭ, അന്നമ്മ മാമ്മന്‍, പി.കെ. ലീല, ജിനു സെബാസ്റ്റ്യന്‍, ഷീല ഡോമിനിക്, വി. കുമാരി, കെ.ടി. റേച്ചല്‍, ശോഭ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts