എടത്വ: നീരേറ്റുപുറം-എടത്വ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, തലവടി, നീരേറ്റുപുറം പ്രദേശത്തെ വ്യാപാരികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കടകളടച്ചും വായ്മൂടി കെട്ടിയും നീരേറ്റുപുറം ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. നീരേറ്റുപുറം മുതല്‍ എടത്വവരെ കിടക്കുന്ന പിഡബ്ല്യുഡി റോഡില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പിടല്‍ പ്രക്രിയ പൂര്‍ത്തീകരിച്ചിട്ട് നാളുകളായിട്ടും ചില സ്ഥലങ്ങളിലെ കുഴിയടയ്ക്കല്‍ പ്രക്രിയ മാത്രം പൂര്‍ത്തിയാക്കുവാനേ കഴിഞ്ഞിട്ടുളളൂ. ഇവിടെ പൊടിശല്യം അതിരൂക്ഷവുമാണ്.
ഇരുവശങ്ങളിലേയും കച്ചവടക്കാര്‍ക്കും താമസക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്. പൊടിശല്യം കാരണം കച്ചവടക്കാര്‍ക്ക് കടകള്‍ തുറക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലുമാണ്. എത്രയും വേഗം റോഡ് ടാറിംഗ് നടത്തുകയോ കാലതാമസം നേരിടുന്നപക്ഷം വെള്ളം നനച്ച് പൊടി ഒഴിവാക്കിത്തരികയോ ചെയ്യണമെന്ന് ആവശ്യപെട്ടായിരുന്നു സമരപരിപാടി നടത്തിയത്. റോഡില്‍ വെള്ളം സ്‌പ്രേ ചെയ്ത് പൊടി ശമിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശ് പനവേലി, ബാബു വലിയവീടന്‍, സുഷമ്മ സുധാകരന്‍, അജിത്ത്കുമാര്‍ പിഷാരത്ത്, ബിനുസുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൈനാന്‍ പി.സി., ജോജി ജെ. വയലപ്പള്ളി, വര്‍ഗീസ് കോലത്തുപറമ്പ്, എം.പി. ഗോപാലകൃഷ്ണന്‍, തമ്പി മണമേല്‍, ഡോ. മുരളീധരന്‍, കെ.ഡി. മോഹനന്‍, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, ഷാജി മരിയ, ഷാജി അമ്പ്രയില്‍, ജോയി സ്രാമ്പിക്കല്‍, കെ.ഒ. തോമസ്, വിനോദ് ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.