സണ്ണി ലിയോണ്‍ ആകെ പരിഭവത്തിലാണ്. മാധ്യമങ്ങള്‍ തന്നെ മോശമായാണ് ചിത്രീകരിക്കുന്നതെന്നാണ് നടിയുടെ പരിഭവം. സണ്ണിക്ക് ഇപ്പോള്‍ ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുണ്ട്. എന്നാലും തന്റെ ചിത്രങ്ങളെല്ലാം അശ്ലീല ചിത്രങ്ങളായാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സണ്ണി ലിയോണിന്റെ പരാതി. ബോളിവുഡിലെ മറ്റെല്ലാ മുന്‍നിര നടിമാരും ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. അവര്‍ കാണിക്കുന്നതുപോലുള്ള ശരീരപ്രദര്‍ശനം മാത്രമാണ് താനും നടത്തുന്നതെന്നാണ് സണ്ണി പറയുന്നത്. പക്ഷെ മാധ്യമങ്ങള്‍ തന്നെ മാത്രം വേട്ടയാടുന്നു.
ഇന്ത്യന്‍ ഭാര്യമാരുടെ പേടി സ്വപ്‌നമാണ് താനെന്ന അപവാദത്തെ സണ്ണി പരിഹസിച്ചു. തനിക്ക് അതൊരു പുതിയ അറിവാണെന്നും സുന്ദരനായ ഒരു ഭര്‍ത്താവ് ഉള്ളതിനാല്‍ മറ്റാരുടെയും ഭര്‍ത്താക്കന്‍മാരെ തനിക്ക് ആവശ്യമില്ലെന്നും നടി വ്യക്തമാക്കി. താന്‍ എന്താണോ അതിനെ ആ രീതിയില്‍ അംഗീകരിക്കുന്ന ഒരു യഥാര്‍ഥ വ്യക്തിയാണ് താനെന്ന് സണ്ണി ലിയോണ്‍ പറയുന്നു. ഒരു സ്ത്രീക്ക് താങ്ങാവുന്നതില്‍ അധികം അധിക്ഷേപങ്ങള്‍ താന്‍ കേട്ടിട്ടുണ്ടെന്നും സണ്ണി പറയുന്നു.
സ്ത്രീകള്‍ സ്വന്തമായി നിലപാടെടുക്കണമെന്നും അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും ആരെയും ആശ്രയിക്കാതെ ജീവിക്കണമെങ്കില്‍ സ്ത്രീകള്‍ സ്വന്തമായി ചെറിയ തീരുമാനങ്ങളെടുത്ത് പഠിക്കണമെന്നുമാണ് സണ്ണിയുടെ പക്ഷം. നിലവിളിക്കുകയോ അട്ടഹസിക്കുകയോ യുദ്ധം ചെയ്യുകയോ വേണ്ട, നിങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് സംസാരിക്കണം- സണ്ണി ലിയോണ്‍ പറഞ്ഞു.