ഒന്നു തണുപ്പിച്ചാലോ? കരിക്കു കച്ചവടത്തില്‍ വ്യത്യസ്തനായി സന്തോഷ്

ktm-karikkuനിയാസ് മുസ്തഫ
കോട്ടയം: പൊള്ളുന്ന വേനല്‍ച്ചൂട്. ദാഹിച്ചിട്ടു വയ്യ. റോഡിലൂടെ സഞ്ചരിക്കുന്ന ആരുടെ ഉള്ളിലും അല്പം ഇളനീര്‍ കുടിച്ചാലോയെന്ന് തോന്നും.  കോട്ടയം കോടിമതയിലാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ റോഡരികിലായി ഒരു ടെമ്പോ ട്രാവലര്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. വാഹനത്തിനടുത്ത് എത്തിയാല്‍ നിങ്ങള്‍ക്ക് ഫ്രീസറില്‍ വച്ച കരിക്കു കുടിക്കാം. അതും ഉഗ്രന്‍ സ്വാദോടെ. കോട്ടയം തിരുവാതുക്കല്‍ സ്വദേശി സന്തോഷാണ് കരിക്കുകച്ചവടത്തില്‍ വ്യത്യസ്തത തേടിയിരിക്കുന്നത്. സ്വന്തം ടെമ്പോ ട്രാവലറുമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചുവരവേയാണ് സന്തോഷിന് ഇത്തരമൊരു ആശയം തോന്നുന്നത്. വേനല്‍ക്കാലത്ത് ടെമ്പോ ട്രാവലര്‍ ഷോപ്പാക്കി എന്തുകൊണ്ട് കരിക്കു കച്ചവടം നടത്തിക്കൂടായെന്ന്.

ഇതിനായി വാഹനത്തിന്റെ പുറകുവശത്തെ സീറ്റുകളെല്ലാം അഴിച്ചുമാറ്റി ഫ്രീസര്‍ ഘടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. വാഹനത്തിലെ ബാറ്ററിയുടെ സഹായത്തോടെയാണ് ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നത്. കരിക്കിനു ദ്വാരം ഇടാനും കരിക്കിന്റെ കാമ്പ് എടുക്കാനുമൊക്കെയായി കട്ടിംഗ് യന്ത്രവും വാങ്ങി. നൂറു കരിക്കുകള്‍വരെ ഫ്രീസറില്‍ വയ്ക്കാം. കേട്ടറിഞ്ഞ് ധാരാളംപേര്‍ ഇളനീര്‍ കുടിക്കാന്‍ വരാറുണ്ട്. തണുപ്പ് വേണ്ടാത്തവര്‍ക്ക് ഫ്രീസറില്‍ വയ്ക്കാത്ത കരിക്കു കൊടുക്കും. കട്ടിംഗ് യന്ത്രമുള്ളതുകൊണ്ട് കരിക്കുവെട്ടി സമയം കളയേണ്ടതുമില്ല.

വളരെ വേഗത്തില്‍ യന്ത്രത്തിന്റെ സഹായത്തോടെ കരിക്കില്‍ ദ്വാരമിടാനും കാമ്പെടുക്കാനും കഴിയുമെന്നത് ആവശ്യക്കാര്‍ക്കും ആശ്വാസമാണ്. ഒരു കരിക്കിനു 35രൂപയാണ് ഈടാക്കുന്നത്. ഇതോടൊപ്പം കരിക്ക് ജ്യൂസാക്കിയും കൊടുക്കുന്നു. ജ്യൂസിനു ഗ്ലാസൊന്നിന് 45രൂപ. പാലാ, കുമരകം മേഖലയില്‍ നിന്നാണ് കരിക്കുകള്‍ മൊത്തമായി വാങ്ങുന്നത്. ദിവസവും 7000രൂപയുടെ വരെ കച്ചവടം നടക്കാറുണ്ടെന്ന് സന്തോഷ് പറയുന്നു. ഇതോടൊപ്പം മറ്റു പഴവര്‍ഗങ്ങളുടെ കച്ചവടം കൂടി തുടങ്ങാനുള്ള ആലോചനയിലാണ് സന്തോഷ്.

Related posts