ചവറ: ഒമ്പതുകാരിയുടെ വിരലില്‍ മോതിരം കുടുങ്ങി ചവറ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷകരായി. ചവറ ശങ്കരമംഗലം അറഫാ മന്‍സിലില്‍ ബൈജു ഹസീന ദമ്പതികളുടെ മകള്‍ നൈഷാനയുടെ വലത് കൈവിരലിലാണ് മോതിരം കുടുങ്ങിയത്.വിരലില്‍ നീരടിച്ച് വേദനകൊണ്ട് കരഞ്ഞ നൈഷാനയെ മാതാവ് ഹസീന രാത്രി 7.15ഓടെ ചവറ ഫയര്‍ ഫോഴ്സ് ഓഫീസില്‍ എത്തിച്ചു.
തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്മാന്മാരായ എസ്. ഷാജി, ഷാജഹാന്, ഫയര്മാന്മാരായ നാസിം, കൃഷ്ണകുമാര്‍, അഭിലാഷ്, അനീഷ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് മോതിരം ഊരിയെടുത്തു. ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് നൈഷാനയും മാതാവും സന്തോഷകരമായി മടങ്ങിയത്.