ചാവക്കാട്: കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. ആലുവ മൂപ്പത്തടം എറമത്തില്‍ വീട്ടില്‍ രാഗേഷ് (31) ആണ് മരിച്ചത്. ഇന്നുരാവിലെ ആറരയോടെ ഒരുമനയൂര്‍ കിണര്‍ സ്‌റ്റോപ്പിന് സമീപമാണ് അപകടം. ആലുവയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്ന മാരുതി സ്വിഫ്റ്റ് കാറും കോട്ടയ്ക്കലില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയിരുന്ന ഇന്നോവ കാറുമാണ് മുഖാമുഖം കൂട്ടിയിടിച്ചത്.
ആലുവ മുപ്പത്തടം എറമത്തില്‍ വീട്ടില്‍ രവി (60), ഭാര്യ രാജി (50), മകന്‍ റനീഷ് (27), മരുമകള്‍ വിദ്യ (22) എന്നിവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്കുശേഷം തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഓടിച്ചിരുന്നത് രാഗേഷാണ്. അപകടത്തില്‍ കോട്ടയ്ക്കല്‍ ചെങ്കോട്ട സ്വദേശികളായ രണ്ടു പേര്‍ക്കും നിസാര പരിക്കേറ്റു. ചാവക്കാട് പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ രാഗേഷ് അമല ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരിച്ചത്.