ഓണം, വിഷു, ക്രിസ്മസ്… ഉത്സവം ഏതുമാകട്ടെ ഇനി സ്വകാര്യ ബസ് ചാര്‍ജ് മിതമായ നിരക്കില്‍; അമിത ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

KTM-BUSകോട്ടയം: ഉത്സവ സീസണുകളില്‍ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ഉത്സവ സമയങ്ങളില്‍ ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന നോണ്‍ എസി, വോള്‍വോ സര്‍വീസുകള്‍ യാത്രക്കാരില്‍നിന്നും സാധാരണ നിരക്കിനേക്കാളും മൂന്നിരട്ടി ചാര്‍ജ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു.  ഇതരസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണല്‍സും കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളും ഇതില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് ആസ്ഥാനത്ത് ചേര്‍ന്ന ഇന്റര്‍ ബസ് ഓപ്പറേറ്റേഴ്‌സിന്റെ യോഗത്തിലാണ് ചാര്‍ജ് സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയായത്.

സാധാരണ റേറ്റില്‍നിന്നും  കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ള 15 ശതമാനം ഉത്സവകാല വര്‍ധനവേ ഈ ഓപ്പറേറ്റേഴ്‌സിനും വാങ്ങാവു എന്നും കെഎസ്ആര്‍ടിസി നല്‍കാത്തതും ഇവര്‍ നല്‍കുന്നതുമായ ടാക്‌സുകള്‍ ആനുപാതികമായി കൂട്ടാമെന്നും യോഗത്തില്‍ ധാരണയായി.  കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും 150ല്‍പരം ബസ് ഓപ്പറേറ്റര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇതരസംസ്ഥാനങ്ങളുമായി കേരളത്തിലുള്ള ടാക്‌സ് നിരക്കിലെ വ്യത്യാസങ്ങള്‍, വേഗപൂട്ടുകളുടെ കര്‍ശന ഉപയോഗം, ബസുകളില്‍ പച്ചക്കറിയും അനധികൃത സാധനങ്ങളും കൊണ്ടുപോകുക, അന്തര്‍ സംസ്ഥാന പെര്‍മിറ്റുകളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു യോഗം ചേരുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി മുന്‍കൈയെടുത്താണ് യോഗം വിളിച്ചു ചേര്‍ത്തത്. എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തില്‍ യോഗം വിളിച്ചു കൂട്ടാനും തീരുമാനമായി.

Related posts