എരുമേലി: ഇത്തവണ ഓണത്തിന് നാടിന്റെ സ്വന്തം നാടന്‍ പച്ചക്കറികളുടെ പൂരം തന്നെയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എരുമേലി പഞ്ചായത്ത് ഭരണസമിതി. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയില്‍ 20 പേരോളം അംഗങ്ങളുള്ള 340 കുടുംബശ്രീ യൂണിറ്റുകളും 23 വാര്‍ഡുകളിലും എഡിഎസ് കമ്മിറ്റികളും കൃഷിയില്‍ പ്രവര്‍ത്തനനിരതമായിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിന്റെ മട്ടുപ്പാവില്‍ മാത്രമല്ല, ഭരണകക്ഷിയായ സിപിഎമ്മിന്റെ എരുമേലിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ടെറസും കൃഷിയിടങ്ങളായി.
കനകപ്പലത്ത് ദീപം സ്വാശ്രയ സംഘത്തിന് അരയേക്കറിലാണ് കരനെല്‍കൃഷി. പച്ചക്കറികള്‍ കൂടാതെ കിഴക്കേക്കരയില്‍ കാവ്യജ്യോതി സംഘത്തിന് കപ്പ, വാഴ കൃഷികളുമുണ്ട്. കുടുംബശ്രീ അംഗങ്ങളായ നാലായിരത്തില്‍പരം വീട്ടമ്മമാര്‍ വീടുകളില്‍ കൃഷിചെയ്യുന്നു. പഞ്ചായത്ത് ഓഫീസിന്റെ മട്ടുപ്പാവില്‍ പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജേഷ് എന്നിവര്‍ ദിവസവും കൃഷിപ്പണികളില്‍ വ്യാപൃതരാണ്. ഓരോ യൂണിറ്റിലും എഡിഎസ് ചെയര്‍പേഴ്‌സണ്‍ രമണി ദിവാകരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല മുരളി എന്നിവര്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. കൃഷിയുടെ ഓരോ ഘട്ടങ്ങളും എഡിഎസ് അക്കൗണ്ടന്റ് പ്രശാന്ത് കാമറയില്‍ പകര്‍ത്തും. മികച്ച കൃഷിരീതിക്കും വിളകള്‍ക്കും സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷരഹിതമായ ഉത്പാദനമാണ് ലക്ഷ്യം. ഓണക്കാലത്ത് പൊലിവ് പദ്ധതിയായി വിപണിയില്‍ വിളകള്‍ പ്രദര്‍ശിപ്പിച്ച് വിറ്റഴിക്കാനാണ് തീരുമാനം.