കൊച്ചി: മൊബൈല്‍ ആപ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂബര്‍, ഒല ടാക്‌സി സര്‍വീസുകാര്‍ക്കു സംസ്ഥാനത്തു റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും അവകാശമുണ്ടെന്നു ഹൈക്കോടതി. ഇവയ്ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനപോലീസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കണമെന്നു ജസ്റ്റീസ് വി. ചിദംബരേഷ് ഉത്തരവില്‍ പറഞ്ഞു. മറ്റു ടാക്‌സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സി പ്രവര്‍ത്തനം ഒരു തരത്തിലും തടസപ്പെടുത്തരുതെന്നും പൊന്നാനി സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ സി. നവാസിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പറഞ്ഞു.
യൂബര്‍ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, അനി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടാക്‌സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് അടിയന്തര നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരനെകഴിഞ്ഞ ഫെബ്രുവരി 24ന് കൊച്ചി വിമാനത്താവളത്തില്‍ പ്രീപെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ മര്‍ദിച്ചെന്നാണു പരാതി. കേരള മോട്ടോര്‍ വാഹനനിയമത്തിലെ 344 അനുഛേദം അനുസരിച്ചാണ് പ്രീപെയ്ഡ് ടാക്‌സി സ്റ്റാന്‍ഡ് അനുവദിച്ചിരിക്കുന്നത്.
ഏതു ടാക്‌സിക്കും പാര്‍ക്കിംഗ് സ്ഥലത്തു യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യാം. എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ ഗുണ്ടായിസമാണു കാണിക്കുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാരെ തടയുന്നതിനെതിരെ പോലീസും മോട്ടോര്‍ വാഹനഉദ്യോഗസ്ഥരും നടപടിയെടുക്കുന്നില്ലെന്നാണു ഹര്‍ജിക്കാരന്‍ ആരോപിച്ചത്.

