തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസിന്റെ ഓപ്പറേഷന് സാന്‍ഡ് തുടരുന്നു. പൂഴികടത്തുകയായിരുന്ന മിനിലോറിയും ഡ്രൈവറും പിടിയിലായി. ഇന്നലെ രാത്രിമുഴുവന്‍ സ്റ്റേഷന് പരിധിയിലെ വിവിധ പൂഴികടത്തല്‍ കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍ എസ്ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കുറുമാത്തൂര്‍ കടവില്‍നിന്നും പൂഴി കടത്തുകയായിരുന്ന മിനിലോറി പിടികൂടിയത്. ഡ്രൈവര്‍ കുറുമാത്തൂര്‍ കോട്ടുപുറത്തെ ചെറിയാണ്ടീലകത്ത് സി.ഉമ്മര്‍കുട്ടിയെ(35) അറസ്റ്റ് ചെയ്തു.
മണല്‍ കടത്തലിന് ഉപയോഗിച്ച മനി ലോറിയുടെ നമ്പര്‍ വ്യാജമാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞദിവസം കുപ്പം, മംഗലശേരി കടവില്‍ രണ്ട് കൂറ്റന്‍ ഫൈബര്‍ വള്ളങ്ങളും മൂന്ന് തോണികളും പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും മണല്‍ കടത്തലിനെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് എസ്ഐ പറഞ്ഞു.