കടുത്തുരുത്തി: കരിക്കുപയോഗിച്ചു നിര്‍മിക്കുന്ന ഷെയ്ക്കും ജ്യൂസും വില്‍ക്കുന്ന ജോസഫ് ജോര്‍ജിന്റെ (സിബി) കടയില്‍ തിരക്കേറൂന്നു. കടുത്ത വേനലില്‍ റോഡിന്റെ വശങ്ങളില്‍ കരിക്ക്, തണ്ണിമത്തന്‍ വില്‍പനകള്‍ സജീവമാണെങ്കിലും ഇത്തരത്തിലൊരു കട സമീപത്തെങ്ങുമില്ല. ജോസഫ് പ്രത്യേകതരം ചേരുവകളിലൂടെ നിര്‍മിക്കുന്ന കരിക്കിന്‍ ഷെയ്ക്കും കരിക്കിന്‍ ജ്യൂസും രുചിയുടെ കാര്യത്തില്‍ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഏറേ മുന്നിലാണ്. ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ കുറുപ്പന്തറ പഴേമഠം കവലയ്ക്കു സമീപം റോഡരികിലാണ് വര്‍ഷങ്ങളായി ജോസഫ് കച്ചവടം നടത്തുന്നത്.
220 മുതല്‍ 280 വരെ ദിവസം പ്രായമുള്ള കരിക്കാണ് കരിക്കിന്‍ ഷെയ്ക്കുണ്ടാക്കാന്‍ ഏറ്റവും നല്ലതെന്ന് ജോസഫ് പറയുന്നു. കരിക്കിന്‍ വെള്ളവും കരിക്കിന്‍ കാമ്പും അല്‍പം കട്ടിയാക്കിയ പാലുമുപയോഗിച്ചാണ് കരിക്കിന്‍ ഷെയ്ക്കുണ്ടാക്കുന്നത്. ഏലയ്ക്കാ, ചുക്ക്, രണ്ട് ബദാം, രണ്ട് ഈന്തപഴം എന്നിവയും ഷെയ്ക്കിന്റെ ഘടകങ്ങളാണ്. ഇവയെല്ലാം ഒരുമിച്ചിട്ട് മിക്‌സിയില്‍ അടിച്ചാണ് കരിക്കിന്‍ ഷെയ്ക്ക് നിര്‍മിക്കുന്നത്. 50 രൂപയാണ് കരിക്കിന്‍ ഛെയ്ക്കിന്റെ വില. ഇതില്‍ തേന്‍ ചേര്‍ത്ത് നല്‍കിയാല്‍ 80 രൂപ വരെയാകും വില. ഒരു കരിക്ക് ഉപയോഗിച്ചു ഒരു ഷെയ്ക്കാണ് ഉണ്ടാക്കാനാവുക.
സമീപപ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്ന് 22 രൂപ നിരക്കിലാണ് സിബി കരിക്ക് വാങ്ങുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്കു ന്യായമായ വിലയും ലഭിക്കുന്നുണ്ട്. 50തില്‍ അധികം കേരകര്‍ഷകരില്‍നിന്നും സ്ഥിരമായി സിബി കരിക്ക് വാങ്ങുന്നുണ്ട്. ഷെയ്ക്കു പോലെ തന്നെ സിബിയുടെ മറ്റൊരു പ്രധാന ഐറ്റമാണ് കരിക്കിന്‍ ജ്യൂസ്. ഷെയ്ക്കിനെക്കാള്‍ ലാഭവും കരിക്കിന്‍ ജ്യൂസിനാണെന്നു സിബി പറയുന്നു. ഒരു കരിക്കില്‍ നിന്നും മൂന്ന് ജ്യൂസ് വരെ ഉണ്ടാക്കാം. ഒരു ഗ്ലാസിന് 30 രൂപയാണ് കരിക്കിന്‍ ജ്യൂസിന്റെ വില. കരിക്കിന്‍ വെള്ളവും കരിക്കിന്‍ കാമ്പും നാരങ്ങയും ചേര്‍ത്താണ് കരിക്കിന്‍ ജ്യൂസുണ്ടാക്കുന്നത്.
വെളുത്ത നിറമുള്ള കരിക്കിന്‍ ജ്യൂസിന് ആവശ്യക്കാരേറെയാണെന്ന് സിബി പറയുന്നു. കരിക്കില്‍ ഇല്ലാത്ത വിറ്റാമിന്‍ സി നാരങ്ങ ചേര്‍ക്കുന്നതിലുടെ ജ്യൂസിലുടെ അധികമായി ലഭിക്കും. ഔഷധഗുണം വച്ചു നോക്കിയാല്‍ ഇതു ഒരു ശാസ്ത്രീയ കൂട്ടാണെന്നും സിബി പറയുന്നു. അസിഡിറ്റിയുടെ പ്രശ്‌നങ്ങളും അമിതവിശപ്പും പരിഹരിക്കാന്‍ നാരങ്ങാ ചേര്‍ത്തുണ്ടാക്കുന്ന കരിക്കിന്‍ ജ്യൂസിന് കഴിയുമെന്നും സിബി ഉറപ്പിച്ചു പറയുന്നു. കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കരിക്കിന്റെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്റുണ്ടാക്കുന്നതിനുമായി ക്ലാസ് എടുക്കുന്നതിനും സിബി പലയിടത്തും പോകുന്നുണ്ട്. കരിക്കിന്‍ തൊണ്ട് ജാതി തോട്ടങ്ങളിലേക്ക് നല്‍കുന്നതിനാല്‍ ഇതിന്റെ മാലിന്യ സംസ്ക്കരണം പ്രശ്‌നമുണ്ടാക്കുന്നില്ലെന്നും സിബി പറയുന്നു.
പപ്പായ കൊണ്ടുള്ള ഷെയ്ക്ക്, കാന്താരി ജ്യൂസ് എന്നിവയെല്ലാം പത്ത് വര്‍ഷത്തിലേറേയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിബിയുടെ രുചികരമായ കണ്ടുപിടിത്തങ്ങളാണ്. സോഫ്റ്റ് ഡ്രിങ്കുകള്‍ക്കു പുറകെ പോകുന്ന കൗമാരങ്ങളെ രക്ഷിക്കാന്‍ കരിക്ക് കൊണ്ടു മാത്രമെ കഴിയുവെന്നും ഇതിനുള്ള പ്രയത്‌നത്തിലാണ് താനെന്നും സിബി പറയുന്നു. ഈ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു കടുത്തുരുത്തി പഞ്ചാത്തും കൃഷിഭവനും സിബിയെ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. കോട്ടയം അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ അവാര്‍ഡും സിബിക്ക് ലഭിച്ചിരുന്നു. ആത്മയുടെയും ചൈതന്യ കാര്‍ഷിക മേളകളില്‍ പങ്കെടുത്തിട്ടുള്ള സിബി സൗത്ത് ഇന്‍ഡ്യന്‍ കാര്‍ഷികമേളയില്‍ പങ്കെടുത്തും ശ്രദ്ധേയനായിരുന്നു.