കനത്ത വേനലും തമിഴ്‌നാടിന്റെ വെള്ളമൂറ്റലും; ശിരുവാണിഡാം വറ്റിത്തുടങ്ങി

pkd-damമണ്ണാര്‍ക്കാട്: വേനല്‍ കനത്തോടെ ശിരുവാണിഡാമും മറ്റു ജലസ്രോതസുകളും വറ്റിത്തുടങ്ങി. പ്രധാന ജലസംഭരണികളായ കാഞ്ഞിരപ്പുഴയിലും ഇതു തന്നെയാണ് സ്ഥിതി. ഡാമില്‍ വെള്ളം കുറഞ്ഞതോടെ കിണറുകളിലും വെള്ളം കുറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അഞ്ചടിയോളം വെള്ളം അധികമായി ശിരുവാണി ഡാമില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്.

മറ്റു ഡാമുകളെ അപേക്ഷിച്ച് ശിരുവാണി ഡാമില്‍ ബാഷ്പീകരണം കുറവാണ്. നാലുപാടും മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്ക്കുന്നതും പൂര്‍ണമായി മലയോരമേഖലയില്‍ സ്ഥിതിചെയ്യുന്നതുമാണ് ഇതിനു കാരണം. വെള്ളം കുറഞ്ഞിട്ടും തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവിനു കുറവൊന്നുമില്ല.കഴിഞ്ഞദിവസം ശിരുവാണിഡാമില്‍ ഒരു കാട്ടാനക്കുട്ടി ചെരിഞ്ഞിരുന്നു. ഡാമില്‍ വെള്ളം കുടിക്കാനെത്തിയപ്പോള്‍ വീണതാകുമെന്നു കരുതുന്നു. വേനല്‍ ഇനിയും കനത്താല്‍ ശിരുവാണിയിലെ വെള്ളം വ്യാപകതോതില്‍ വറ്റും.

ഇതുതന്നെയാണ് കാഞ്ഞിരപ്പുഴ ഡാമിന്റെയും സ്ഥിതി. ഇടതു-വലതുകനാലിലൂടെ ഡാമിലെ വെള്ളം തുറന്നുവിടുന്നതിനാല്‍ ഡാമിലെ വെള്ളം വന്‍തോതില്‍ കുറയുകയാണ്. മണ്ണാര്‍ക്കാട് മേഖലയിലെ ചെറുപുഴകളും ചെക്ക്ഡാമുകളും ഇതിനകം വറ്റിവരണ്ട നിലയിലാണ്.

Related posts