കനാല്‍ സ്ലൂയിസുകളുടെ തകര്‍ച്ച, മാലിന്യം: മംഗലംഡാം വെള്ളം പാടങ്ങളിലെത്തില്ല

PKD-DAMമംഗലംഡാം: കനാലുകളിലെ സ്ലൂയിസുകളുടെ തകര്‍ച്ചയും മാലിന്യവും പൊന്തക്കാടും മംഗലംഡാമിലെ വെള്ളം പാടശേഖരങ്ങളിലെത്താന്‍ ബുദ്ധിമുട്ടാകും. 23 കിലോമീറ്റര്‍ ദൂരംവരുന്ന വലതുകനാലിലും 21 കിലോമീറ്ററുള്ള ഇടതുകനാലിലും മുന്‍വര്‍ഷത്തേതിനേക്കാള്‍ പൊന്തക്കാടും മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യവും കൂടുതലാണ്.മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണ് കനാലുകളെല്ലാം. മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും കുന്നുകൂടിയ നിലയിലാണ് പലഭാഗങ്ങളും.

കനാലുകള്‍ കടന്നുപോകുന്ന ഭാഗങ്ങള്‍ അതത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാലുകള്‍ വൃത്തിയാക്കുന്നത്. എന്നാല്‍ ഈ വൃത്തിയാക്കല്‍ പണികളൊന്നും പൂര്‍ണതോതിലാകാറില്ല. കനാലുകളില്‍ വളരുന്ന ചെറിയ മരങ്ങളുടെ തലഭാഗം മാത്രം വെട്ടിക്കളഞ്ഞ് മുഖംമിനുക്കുന്ന പണികളാണ് നടക്കുക. ഇതിനാല്‍ ഡാമില്‍നിന്നും വെള്ളം തുറന്നുവിട്ടാലും വെള്ളത്തിന്റെ ഒഴുക്കിന് ശക്തിയുണ്ടാകില്ല.

ഇത് കനാലുകളുടെ വാലറ്റങ്ങളിലേക്ക് വെള്ളം എത്താത്ത സ്ഥിതിയുണ്ടാക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കനാലുകളിലുള്ള ഇത്തരം പൊന്തക്കാടും മാലിന്യത്തിനു പുറമേ കനാലുകളില്‍നിന്നും പാടങ്ങളിലേക്ക് തുറക്കുന്ന സ്ലൂയിസുകളുമെല്ലാം തകര്‍ന്നുകിടക്കുകയാണ്. ഇതുമൂലം കനാലുകളുടെ തുടക്കത്തിലുള്ള പാടങ്ങളിലും പറമ്പുകളിലും വെള്ളം ആവശ്യത്തില്‍ കൂടുതലാകും.തോട്ടങ്ങളുടെ നനയും ഇഷ്ടികചൂളകളിലേക്കുള്ള വെള്ളവും കനാലുകളില്‍നിന്നാണ്.

സ്ലൂയിസുകളെല്ലാം പഴയ ചാക്കുകള്‍കൊണ്ടാണ് ഇപ്പോള്‍ അടയ്ക്കുന്നത്. ഇതിലുള്ള ഷട്ടറുകളെല്ലാം തകര്‍ന്നപ്പോള്‍ ഇറിഗേഷന്‍ വകുപ്പ് കണ്ടെത്തിയ സൂത്രപ്രയോഗങ്ങളാണ് ഇതെല്ലാം. ഡാമില്‍നിന്നും വെള്ളം തുറന്നാല്‍ അത് വാലറ്റപ്രദേശങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍പോലും സംവിധാനങ്ങളില്ല. കനാല്‍ തീരത്തുകൂടി നടന്ന് വെള്ളം പാഴായി പോകുന്നുണ്ടോ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നൊക്കെ പരിശോധിക്കണമെന്നാണ് വ്യവസ്ഥ.

ഇക്കുറി മഴയില്‍ ഗണ്യമായ കുറവുള്ളതിനാല്‍ സംഭരിച്ച വെള്ളം പാഴാക്കാതെ അമൂല്യമായി കരുതേണ്ടിവരും. എന്നാല്‍ ഇറിഗേഷന്‍ വകുപ്പ് ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ആശങ്ക.മംഗലംഡാമിലിപ്പോള്‍ പരമാവധി ജലസംഭരണമുണ്ട്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്താല്‍ ജലനിരപ്പ് ഉയര്‍ന്ന് പുഴയിലേക്കാണ് വെള്ളംവിട്ട് പാഴാക്കുന്നത്. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പുഴയിലേക്കു വിട്ടു പാഴാക്കുന്ന വെള്ളം കനാലുകളിലൂടെ വിടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Related posts